രാജ്യാന്തര യാത്രികരുടെ വിവരങ്ങൾ കസ്റ്റംസിനു കൈമാറണമെന്ന് വിമാനക്കന്പനികൾക്കു നിർദേശം
Thursday, January 2, 2025 2:56 AM IST
ന്യൂഡൽഹി: രാജ്യത്തിനകത്തേക്കോ പുറത്തേക്കോ സർവീസ് നടത്തുന്ന എല്ലാ വിമാനക്കന്പനികളും തങ്ങളുടെ യാത്രക്കാരുടെ വിവരങ്ങൾ ഈ വർഷം ഏപ്രിൽ ഒന്നുമുതൽ കസ്റ്റംസിനു കൈമാറണം. അല്ലാത്തപക്ഷം വിമാനക്കന്പനികൾക്കെതിരേ പിഴ ചുമത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് വ്യക്തമാക്കി.
കാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുൾപ്പെടെ വിമാനത്തിലുള്ള എല്ലാവരുടെയും മൊബൈൽ നന്പർ, പേമെന്റ് മോഡ് തുടങ്ങിയ വിശദാംശങ്ങളാണു പങ്കുവയ്ക്കേണ്ടത്. കൂടാതെ യാത്രക്കാരന് വിമാനക്കന്പനിയോ ട്രാവൽ ഏജന്റോ ടിക്കറ്റ് നൽകിയ തീയതി, ട്രാവൽ ഏജൻസിയുടെ വിശദാംശങ്ങൾ, ബാഗേജ് വിവരങ്ങൾ തുടങ്ങിയവയും കൈമാറണം.
പുതിയ വിജ്ഞാപനമനുസരിച്ച് വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനു മുന്പായി യാത്രക്കാരുടെ വിവരങ്ങൾ കൈമാറണം. അല്ലാത്തപക്ഷം 25,000 മുതൽ 50,000 രൂപ വരെ ഓരോ തവണയും പിഴ ഈടാക്കും. സാന്പത്തികനിയമം 2017 ലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.
യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ സംബന്ധിക്കുന്ന ഒന്നും കസ്റ്റംസിനു കൈമാറേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫെബ്രുവരി ആദ്യവാരം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ നിർദേശം നടപ്പാക്കിത്തുടങ്ങും.