നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്
Wednesday, January 1, 2025 2:19 AM IST
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം.
വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷാദ് അൽ ആലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം.
"" യെമൻ സർക്കാർ നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ച നടപടിയെക്കുറിച്ചു ബോധ്യമുണ്ട്.കുടുംബം അവരുടെ മോചനത്തിനായി വിവിധ സാധ്യതകൾ തേടുന്നതിനെപ്പറ്റിയും അറിയാം. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും’’ -വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഒരുമാസത്തിനുള്ളിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അയാൾ ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്. മോചനശ്രമവുമായി ബന്ധപ്പെട്ട് എട്ടു മാസമായി നിമിഷയുടെ അമ്മ യെമനിൽ തന്നെയാണുള്ളത്.
ദയാധനം നൽകി തലാലിന്റെ കുടുംബം നിമിഷയ്ക്കു മാപ്പ് നൽകിയാൽ നിമിഷയുടെ മോചനത്തിന് ഇപ്പോഴും സാധ്യത ഉണ്ടെന്നിരിക്കെയാണു സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതേസമയം, നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ. ബിസിനസ് പങ്കാളിയായിരുന്ന യെമൻ പൗരൻ 2017ൽ കൊല്ലപ്പെട്ട സംഭവത്തിലാണു നിമിഷ പ്രിയ അറസ്റ്റിലാകുന്നത്. 2018ല്‍ വധശിക്ഷ വിധിച്ചു. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളി.
വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വർഷം ശരിവയ്ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക വഴി.
എല്ലാസഹായവും ചെയ്യും: ജോർജ് കുര്യൻ
ഇടുക്കി: നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ഇക്കാര്യത്തിൽ അവശ്യമായ ഇടപെടൽ വിദേശകാര്യ മന്ത്രാലയം നടത്തുന്നുണ്ടെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.