അണ്ണാ സർവകലാശാലയിലെ പീഡനം: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
Tuesday, December 31, 2024 1:10 AM IST
ചെന്നൈ: അണ്ണാ സർവകലാശാലയിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം. പ്രതിപക്ഷകക്ഷികൾ ഇന്നലെ ജില്ലാ കളക്ടറേറ്റുകളിലേക്കു പ്രതിഷേധ മാർച്ച് നടത്തി.
ഡിഎംകെ സർക്കാർ അധികാരത്തിലേറിയതുമുതൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഇടപ്പാടി കെ. പളനിസ്വാമി ആരോപിച്ചു. പീഡനത്തിനിരയായ പെൺകുട്ടിക്കു നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. കേസ് സിബിഐക്കു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനിലെ വസ്തുതാ അന്വേഷണ സംഘം ഇന്നലെ സർവകലാശാല സന്ദർശിച്ചു. ഇരയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും മൊഴി രേഖപ്പെടുത്തിയ സംഘം, ചെന്നൈയിലെ സർക്കാരിതര സംഘടനയുടെ പ്രതിനിധികളെയും കണ്ടശേഷമാണു മടങ്ങിയത്.
പ്രശ്നത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യും ഇടപെട്ടു. ഇരയ്ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിജയ് ഇന്നലെ ഗവർണർ ആർ.എൻ. രവിയെ സന്ദർശിച്ചു.
സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ഗവർണർക്കു കൈമാറി. ഇതിനിടെ, വിജയ്യുടെ നടപടിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ രംഗത്തെത്തി.സ്ത്രീസുരക്ഷ ആശങ്കയുമായി രാജ്ഭവന്റെ വാതിലിൽമുട്ടിയ വിജയ്ക്ക് പൂർണ പിന്തുണ എന്നായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന.