ഡൽഹിയിൽ എഎപി വാഗ്ദാനം: പൂജാരിമാർക്ക് 18000 രൂപ
Tuesday, December 31, 2024 1:10 AM IST
ന്യൂഡൽഹി: വീണ്ടും അധികാരത്തിൽ വന്നാൽ ഡൽഹിയിലെ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതന്മാർക്കും പ്രതിമാസം 18000 രൂപ വരെ നൽകുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ. ‘പൂജാരി ഗ്രാന്തി സമ്മാൻ യോജന’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുമെന്നും കേജരിവാൾ അറിയിച്ചു.
രാജ്യത്ത് ഇതുപോലൊരു പദ്ധതി ആദ്യമായാണു നടപ്പിലാക്കുന്നതെന്ന് കേജരിവാൾ ചൂണ്ടിക്കാട്ടി. തങ്ങൾ ചെയ്യുന്നതുപോലെ ബിജെപിയും കോണ്‍ഗ്രസും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേജരിവാൾ പറഞ്ഞു.
തലമുറകളായി ആചാരങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെട്ട പുരോഹിതന്മാർ സമൂഹത്തിൽ തിരസ്കരിക്കപ്പെടുന്നവരാണെന്നും അതിനാലാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതെന്നും കേജരിവാൾ പറഞ്ഞു.
തൊഴിൽരഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന വാഗ്ദാനത്തിനുശേഷം കേജരിവാൾ പ്രഖ്യാപിച്ച പുതിയ വാഗ്ദാനത്തിനെതിരേ വിമർശനവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഭരണത്തിലിരുന്ന് ഒന്നും ചെയ്യാത്തവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പൂജാരിമാരെ ഓർമിക്കാൻ തുടങ്ങിയെന്ന് ബിജെപി കുറ്റപ്പെടുത്തി.