തൊഴിലാളിയെ വെടിവച്ചുകൊന്നു; തോട്ടം ഉടമ അറസ്റ്റിൽ
Tuesday, December 31, 2024 1:10 AM IST
വിരാജ്പേട്ട: കുടകിലെ മൂർനാട് ചെമ്പേബെല്ലൂർ വില്ലേജിൽ ചക്ക പറിക്കാനായി പ്ലാവിൽ കയറിയ തോട്ടം തൊഴിലാളിയെ തോട്ടം ഉടമ വെടിവച്ചു കൊന്നു.
മൂർനാട് ചെമ്പേബെല്ലൂരിലെ ഒരു വാടക ലെയ്നിൽ താമസക്കാരനായ പണിയേരവര പൊന്നു (23) ആണ് വെടിയേറ്റു മരിച്ചത്.
സംഭവത്തിൽ പ്രദേശത്തെ തോട്ടം ഉടമയും മുൻ സൈനികനും എസ്ബിഐ വിരാജ്പേട്ട ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പോർക്കണ്ട ചിന്നപ്പയെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വീടിനു സമീപത്തെ തോട്ടത്തിലെ പ്ലാവിലെ ചക്ക പറിക്കാനായി പൊന്നു മരത്തിൽ കയറിയ സമയത്ത് വളർത്തുനായയുമായി എത്തിയ ചിന്നപ്പ ചീത്തവിളിക്കുകയും വെടിവയ്ക്കുമെന്നു പറയുകയുമായിരുന്നു.
വെടിയേറ്റ പൊന്നു പ്ലാവിൽനിന്ന് താഴെ വീണതോടെ ചിന്നപ്പ തോക്കുമായി ഓടി രക്ഷപ്പെട്ടു. പൊന്നുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിൽ രണ്ട് വെടിയേറ്റ ഇയാൾ മരണമടയുകയായിരുന്നു.