ഡോ. മൻമോഹൻ സിംഗിന്റെ സ്മാരകം: പ്രതിഷേധിച്ച് കോൺഗ്രസ്, പ്രതിരോധിച്ച് ബിജെപി
സ്വന്തം ലേഖകൻ
Monday, December 30, 2024 1:57 AM IST
ന്യൂഡൽഹി: അന്ത്യകർമത്തിനും സ്മാരകം നിർമിക്കാനും പ്രത്യേക സ്ഥലം അനുവദിക്കാതെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോട് കേന്ദ്രസർക്കാർ അനാദരവ് കാട്ടിയെന്ന ആരോപണം ശക്തമായിരിക്കെ ആരോപണ- പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. അന്ത്യകർമത്തിനും സ്മാരകം നിർമിക്കാനും സ്ഥലം കണ്ടെത്തി നൽകാതെ കേന്ദ്രം മുൻ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന ആരോപണം കോണ്‍ഗ്രസ് ഇന്നലെയും ആവർത്തിച്ചു. എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്കു പ്രതിരോധം തീർക്കാൻ പഴയ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ കൂടുതൽ ബിജെപി നേതാക്കൾ രംഗത്തെത്തി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, പ്രവർത്തകസമിതി അംഗം പവൻ ഖേര തുടങ്ങിയ നേതാക്കളാണു കേന്ദ്രസർക്കാരിനെതിരേ ആരോണവുമായി രംഗത്തുവന്നത്. ഭാരതമാതാവിന്റെ മഹാനായ പുത്രനും സിക്ക് സമുദായത്തിൽനിന്നുള്ള പ്രഥമ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ നിഗംബോധ് ഘട്ട് പൊതുശ്മശാനത്തിൽ നടത്തിയതിലൂടെ കേന്ദ്രസർക്കാർ അദ്ദേഹത്തെ പൂർണമായും അപമാനിച്ചുവെന്നാണ് രാഹുൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്.
കേന്ദ്രസർക്കാർ തരംതാണ രാഷ്ട്രീയമാണു കളിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. അനാദരവിന്റെയും കെടുകാര്യസ്ഥതയുടെയും ഞെട്ടിക്കുന്ന കാഴ്ചകളാണ് സംസ്കാരച്ചടങ്ങിൽ അരങ്ങേറിയതെന്നാണ് പവൻ ഖേരയുടെ ആരോപണം. സംസ്കാരച്ചടങ്ങ് നടന്ന സ്ഥലത്ത് മൻമോഹൻ സിംഗിന്റെ കുടുംബാംഗങ്ങൾക്കെല്ലാവർക്കും ഇരിപ്പിടം ഒരുക്കിയില്ലെന്നും പവൻ ഖേര ആരോപിച്ചു.
അതേസമയം, ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങുകൾ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ കാപട്യമാണു വെളിപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗിനെ കോണ്‍ഗ്രസ് പലതവണ അവഗണിച്ചിട്ടുണ്ട്.
സാന്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയായ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനുള്ള സ്മാരകവും എഐസിസി ആസ്ഥാനത്തെ പൊതുദർശനവും കോണ്‍ഗ്രസ് നിഷേധിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണശേഷം അദ്ദേഹത്തെ ആദരിക്കുന്നതിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹത്തിനു നൽകിയ ഭാരതരത്ന പുരസ്കാരത്തെപ്പോലും വിലകുറച്ച് കാണിച്ചുവെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.
എല്ലാ ബഹുമതികളോടുംകൂടിയാണ് ഡോ. മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ പൂർത്തിയാക്കിയതെന്നും സംസ്കാരവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്നവർ അദ്ദേഹത്തോടു വലിയ ദ്രോഹമാണു ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
ചിതാഭസ്മം യമുനയിൽ ലയിച്ചു
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ചിതാഭസ്മം യമുനാനദിയിൽ നിമജ്ജനം ചെയ്തു. കുടുംബാംഗങ്ങൾ ചേർന്ന് സിഖ് മതാചാരപ്രകാരം യമുനയിലെ മജ്ന ഘാട്ടി ഗുരുദ്വാരയ്ക്കു സമീപമുള്ള യമുനാ ഘാട്ടിയിൽ ചിതാഭസ്മം ഒഴുക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രിയുടെ സംസ്കാരചടങ്ങുകൾ നടന്ന നിഗംബോധ്ഘട്ട് ശ്മശാനത്തിൽനിന്ന് ഇന്നലെ രാവിലെയാണു ചിതാഭസ്മം ശേഖരിച്ചത്. തുടർന്ന് ഗുരുദ്വാരയിൽ എത്തിക്കുകയായിരുന്നു.
ഡോ. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൺ കൗറിനൊപ്പം പെൺമക്കളായ ഉപീന്ദർ സിംഗ്, ദാമൻ സിംഗ്, അമൃത് സിംഗ് എന്നിവരും അടുത്ത ബന്ധുക്കളും നിമജ്ജനചടങ്ങിൽ പങ്കെടുത്തു. സിഖ് മതാചാരപ്രകാരം ബുധനാഴ്ച ഡൽഹി മോട്ടിലാൽ നെഹ്റു മാർഗിലെ ഔദ്യോഗിക വസതിയിൽ അഖണ്ഡ് പഥ് എന്ന ചടങ്ങും നിശ്ചയിച്ചിട്ടുണ്ട്.