കർണാടക മന്ത്രിയുടെ സഹായിക്കെതിരേ കേസ്
Monday, December 30, 2024 1:57 AM IST
കലാബുർഗി: ബിജെപി എംഎൽഎ ബസവരാജ് മട്ടിമാഡുവിനെയും മറ്റ് നേതാക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ ഉറ്റ അനുയായിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പോലീസ് കേസെടുത്തു.
ജീവനൊടുക്കിയ സിവിൽ കോൺട്രാക്ടർ സച്ചിൻ പാഞ്ചാലിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. മന്ത്രിയുടെ സഹായി രാജു കപ്പനൂർ ഉൾപ്പെടെ അഞ്ചുപേർക്കെതിരേയാണ് ആരോപണം.
എംഎൽഎ ബസവരാജിനെയും ആന്ദോള മഠത്തിലെ സിദ്ധലിംഗ സ്വാമി, ബിജെപി നേതാക്കളായ മണികണ്ഠ റാത്തോഡ്, ചന്തു പാട്ടീൽ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിദർ സ്വദേശിയായ സച്ചിൻ പാഞ്ചാൽ ഓടുന്ന ട്രെയിനിനുമുന്നിലേക്കു ചാടി ജീവനൊടുക്കിയത്. കൊലപ്പെടുത്തുമെന്നു രാജു കപ്പനൂറും സംഘവും ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ ഉണ്ടായിരുന്നു.