കൈകൂപ്പി ഇന്ത്യ, മൻമോഹൻ സിംഗ് ഓർമയായി
Sunday, December 29, 2024 1:28 AM IST
സനു സിറിയക്
ന്യൂഡൽഹി: സാന്പത്തികവിപ്ലവത്തിന്റെ പാതയിലൂടെ ഇന്ത്യയെ നയിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം. പൂർണസൈനിക ബഹുമതികളോടെയാണ് രാജ്യം അതുല്യവ്യക്തിത്വത്തിനു വിടചൊല്ലിയത്.
കോണ്ഗ്രസ് ആസ്ഥാനത്തുനിന്നു അലങ്കരിച്ച സൈനികവാഹനത്തിൽ വിലാപയാത്രയായാണ് ഡോ. മൻമോഹൻ സിംഗിന്റെ ഭൗതികദേഹം നിഗംബോധ്ഘട്ടിൽ എത്തിച്ചത്. സാന്പത്തികപ്രതിസന്ധിയുടെ കാറുംകോളും നിറഞ്ഞ സമുദ്രത്തിലൂടെ രാജ്യത്തെ അടിപതറാതെ നയിച്ച നേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ മൃതദേഹം കൊണ്ടുപോയ പാതയ്ക്കിരുപുറവും ജനം കാത്തുനിന്നിരുന്നു. “മൻമോഹൻ സിംഗ് നീണാൾ വാഴട്ടെ’’ എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഴങ്ങി.
രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ച് അന്തിമസല്യൂട്ട് നൽകി. തുടർന്നു കുടുംബാഗങ്ങളും സിഖ് പുരോഹിതരും മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി.
21 തവണ ആചാരവെടി മുഴക്കി സൈന്യം രാജ്യത്തിന്റെ ആദരമർപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ മൂത്ത മകളും അറിയപ്പെടുന്ന ചരിത്രകാരിയുമായ ഉപീന്ദർ സിംഗ്, പ്രധാനമന്ത്രിയടക്കം മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും സാക്ഷിയാക്കി മൻമോഹൻ സിംഗിന്റെ ചിതയ്ക്കു തീകൊളുത്തി.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ജെ.പി. നദ്ദ, കിരണ് റിജിജു, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാംഗ്ചുക്ക് തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു.
കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, മൗറീഷ്യസ് വിദേശകാര്യമന്ത്രി ധനഞ്ജയ് റാംഫുൾ, സംയുക്തസൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്നു സൈനിക മേധാവികൾ, വിവിധ എംബസികളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ഇന്നലെ രാവിലെ എട്ടോടെ ഡോ. മൻമോഹൻ സിംഗിന് അന്തിമോപചാരമർപ്പിക്കാനുള്ള ചടങ്ങുകൾ ആരംഭിച്ചു. പൊതുദർശനത്തിനായി കോണ്ഗ്രസ് ആസ്ഥാനത്തേക്ക് അദ്ദേത്തിന്റെ ഭൗതികദേഹം കൊണ്ടുപോകുന്നതിന് മുന്പായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോണ്ഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുമടക്കമുള്ള മുതിർന്ന നേതാക്കൾ മോത്തിലാൽ മാർഗിലെ മൂന്നാം നന്പർ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. തുടർന്ന് സൈനികരുടെ നേതൃത്വത്തിൽ ഒന്പതോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനം കോണ്ഗ്രസ് ആസ്ഥാനത്തേക്കെത്തി.
കൊടുംതണുപ്പിനെയും ചാറ്റൽ മഴയെയും അവഗണിച്ച് ’മൻമോഹൻ സിംഗ് അമർ രഹേ’ എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തകർ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എഐസിസി ആസ്ഥാനത്തു തടിച്ചുകൂടിയിരുന്നു.
വാർത്താസമ്മേളനം നടക്കുന്ന പ്രത്യേകഹാളിലായിരുന്നു നേതാക്കൾക്കും പ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിരുന്നത്.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്ഗ്രസിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ എത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം വിലാപയാത്ര നിഗംബോധ് ഘട്ടിലേക്കു തിരിച്ചു.
രാഹുൽ ഗാന്ധി മൻമോഹൻ സിംഗിന്റെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള സൈനികവാഹനത്തിൽ കയറിയപ്പോൾ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മറ്റു നേതാക്കളും വാഹനത്തിൽ അനുഗമിച്ചു. പത്ത് കിലോമീറ്ററോളം സഞ്ചരിച്ച് ഒന്നര മണിക്കൂറിനു ശേഷം വിലാപയാത്ര 11.45 ഓടെ നിഗംബോധ്ഘട്ടിലെത്തി.