ഡൽഹി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന് എഎപി
സ്വന്തം ലേഖകൻ
Monday, December 30, 2024 1:57 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആംആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കേജരിവാൾ. ബിജെപിക്ക് ഉന്നയിക്കാൻ വ്യക്തമായ രാഷ്ട്രീയപ്രശ്നങ്ങളോ മത്സരിപ്പിക്കാൻ ശക്തരായ സ്ഥാനാർഥികളോ ഇല്ലാത്തതിനാൽ കൃത്രിമ മാർഗത്തിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ഇതിനോടകം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുകഴിഞ്ഞു. കൃത്രിമമാർഗത്തിലൂടെ വിജയിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പക്ഷേ, അവരെ വിജയിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ കേജരിവാൾ വ്യക്തമാക്കി. ഒരു നിയോജക മണ്ഡലത്തിൽ മാത്രം 11,000 വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യാനുള്ള ബിജെപിയുടെ ശ്രമം പാർട്ടി ഇടപെട്ട് തടഞ്ഞു. ന്യൂഡൽഹി മണ്ഡലത്തിൽ ഇതുവരെ 5000 വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് വെട്ടുന്നതിനുള്ള അപേക്ഷകൾ വന്നിട്ടുണ്ട്.
ഇതോടൊപ്പം 7,500 വോട്ടർമാരെ പുതുതായി ചേർക്കുന്നതിനുള്ള അപേക്ഷയും ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു മാർഗത്തിലും തെരഞ്ഞെടുപ്പ് വിജയിക്കാൻ ഓപ്പറേഷൻ ലോട്ടസ് പദ്ധതി ബിജെപി നടപ്പാക്കുകയാണെന്നും കേജരിവാൾ ആരോപിച്ചു.