മണിപ്പുരിൽ വെടിവയ്പ് തുടരുന്നു; വ്യാപക പരിശോധന
Sunday, December 29, 2024 1:28 AM IST
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റിൽ തമ്നാപോക്പി, സനസാബി മേഖലയിൽ ദിവസങ്ങളായി തുടരുന്ന വെടിവയ്പിനെത്തുടർന്ന് ജില്ലയിൽ സുരക്ഷാ സേനയുടെ വ്യാപക പരിശോധന. കഴിഞ്ഞദിവസം ടെലിവിഷൻ ചാനൽ കാമറാമാനുൾപ്പെടെ വെടിയേറ്റിരുന്നു.
സൈന്യവും സിആർപിഎഫും ബിഎസ്ഫും സംയുക്തമായാണ് പരിശോധന നടത്തുന്നത്.സായുധസംഘങ്ങളെ കീഴടക്കുന്നതുവരെ പരിശോധന തുടരുമെന്നു സുരക്ഷാ സേനാവൃത്തങ്ങൾ അറിയിച്ചു. അതേസമയം സ്ത്രീകൾ ഉൾപ്പെടുന്ന സംഘം സൈനികരെ പലയിടത്തും തടയുന്നുണ്ട്.
അഞ്ചുദിവസമായി തമ്നാപോക്പി, ശാന്തിഖോംഗ്ബാൽ, സനസാബി, സാബുങ്കോക്ക് ഖുനൂ മേഖലയിൽ വെടിവയ്പ് തുടരുകയാണ്. ആറ് ഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ വ്യാപകമായി ഒഴിഞ്ഞുപോവുകയാണ്. വിവിധ സന്നദ്ധസംഘടനകളും സർക്കാരുകളും തുറന്ന ദുരിതാശ്വാസ ക്യാന്പുകളാണ് ലക്ഷ്യം.
അതിനിടെ, കുക്കി മേധാവിത്വമേഖലയായ ചുരാചന്ദ്പുരിൽ ഇന്നലെ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കുക്കി ഭീകരരുടെ നടപടിയെ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് കടുത്ത ഭാഷയിൽ അപലപിച്ചു.