മണിപ്പുരി യുവതിയുടെ ദുരൂഹ മരണം: സിബിഐ അന്വേഷണം തുടങ്ങി
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: ഡൽഹിയിൽ 11 വർഷം മുന്പു മണിപ്പുരി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് സിബിഐ അന്വേഷണം തുടങ്ങി. ചിരാഗ് ഡൽഹിയിലെ വാടകവീട്ടിൽ 2013 മേയ് 29നാണ് 25 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
മുഖം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മൂക്ക് തകർത്ത നിലയിലായിരുന്നു. യുവതി ജീവനൊടുക്കിയതാകാം എന്നായിരുന്നു ഡൽഹി പോലീസിന്റെ ആദ്യവാദം.
കൊലപാതകസാധ്യത തള്ളിക്കളയനാവില്ല എന്ന നിലപാടിലേക്ക് പിന്നീട് പോലീസ് എത്തി. മൗലാന ആസാദ് മെഡിക്കൽ കോളജ്, ലോക്നായക് ആശുപത്രി എന്നിവിടങ്ങളിലും പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല.
സിബിഐ അന്വേഷണം തേടിയുള്ള ബന്ധുവിന്റെ ഹർജി ഇതിനിടെ ഡൽഹി ഹൈക്കോടതി തള്ളുകയും ചെയ്തു. തുടർന്നാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചത്.