ബസ്തറിൽ മോദി എത്തുന്ന ദിവസം ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്
Monday, October 2, 2023 4:24 AM IST
റായ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ മൂന്നിനു ഛത്തീസ്ഗഡിലെ ജഗദൽപുരിലെത്തുന്ന ദിവസം ബസ്തർ ജില്ലയിൽ ബന്ദിനു കോൺഗ്രസിന്റെ ആഹ്വാനം.
നഗർനാർ സ്റ്റീൽ പ്ലാന്റ് കേന്ദ്രം സ്വകാര്യവത്കരിക്കുന്നതിനെതിരേയാണു ബന്ദ്. തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തീസ്ഗഡിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യാനാണ് മോദിയെത്തുന്നത്. നഗർനാർ സ്റ്റീൽ പ്ലാന്റ് കേന്ദ്രം സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുക്കുകയാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാജിയും സംയുക്ത പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഗോത്രവർഗക്കാരുടെ ആശകളെ തച്ചുടയ്ക്കുന്ന തീരുമാനമാണിതെന്നും സ്റ്റീൽ പ്ലാന്റ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരേ 2020ൽ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നതായും ഇതുസംബന്ധിച്ച് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിട്ടുള്ളതാണെന്നും ഭൂപേഷ് ബാഗൽ കൂട്ടിച്ചേർത്തു.