ജിഎസ്ടി അഡീ. കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണം ; ദുരൂഹത ഒഴിയുന്നില്ല
Saturday, February 22, 2025 2:23 AM IST
കാക്കനാട്: ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ ജാർഖണ്ഡ് സ്വദേശി മനീഷ് വിജയുടെയും കുടുംബത്തിന്റയും മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. മനീഷ് വിജയുടെ അമ്മ ശകുന്തള അഗർവാളിന്റെ അന്ത്യകർമങ്ങൾ നടത്തിയിരുന്നതായി സാഹചര്യത്തെളിവുകൾ മുൻനിർത്തി പോലീസ് സംശയിക്കുന്നു.
അതേസമയം, ശകുന്തള അഗര്‍വാളിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിക്കണം. ശകുന്തളയുടെ തലയിലും ശരീരഭാഗങ്ങളിലും കണ്ടെത്തിയ മുറിവിനു സമാനമായ പരിക്കുകള്‍ മൃതദേഹം ജീര്ണിച്ചതുമൂലമാകാമെന്നും തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു.
ശകുന്തളയുടെ മൃതദേഹം പൂര്‍ണമായും വെള്ളത്തുണികൊണ്ട് മൂടിയശേഷം പൂക്കള്‍ വിതറിയനിലയിലായിരുന്നു. വീടിനുള്ളില്‍ പൂജകള്‍ നടത്തിയതിനു തെളിവുകളുണ്ട്. മൃതദേഹം പുതപ്പിച്ച് പൂക്കള്‍ വിതറിയത് അന്ത്യകര്മത്തിന്റെ ഭാഗമാകാം. ഇതിനായി ഈമാസം 14 ന് ഓണ്‍ലൈനില്‍ പൂക്കള്‍ വരുത്തിയിരുന്നതായി പോലീസ് പറയുന്നു. ആഭിചാരപൂജ നടത്തിയോയെന്ന് പറയാനാകില്ലെന്നും എസിപി വ്യക്തമാക്കി.
മൂന്നുപേരുടെയും മരണത്തെക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ. വീട്ടില്‍ പലയിടത്തുനിന്നായി പത്തു പവനോളം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. ശാലിനിയുടെയും അമ്മയുടെയും ശരീരത്തിലും ആഭരണങ്ങളുണ്ട്. ഇത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ഊരിയെടുക്കുകയുള്ളൂ.
പൂട്ടിയനിലയില്‍ കണ്ടെത്തിയ ലോക്കര്‍ പിന്നീട് തുറന്നു പരിശോധിക്കും. ഇന്നലെ രാത്രി എട്ടോടെ മനീഷിന്റെ ഇളയ സഹോദരിയും ഭര്‍ത്താവും കൊച്ചിയിലെത്തി. ശാലിനിയുടെയും ശകുന്തള അഗര്‍വാളിന്റെയും മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലും മനീഷ് വിജയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
വീട്ടിൽനിന്നു കേരളപോലീസിനായി എഴുതിയ ഹിന്ദിയിലുള്ള കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തങ്ങളുടെ സ്വത്തുക്കള്‍ അബുദാബിയിലുള്ള ഇളയ സഹോദരിക്കു നല്‍കണമെന്നും ഭൂമിയുടെയും വീടിന്റെയും ആധാരങ്ങള്‍ സഹോദരിക്കു കൈമാറണമെന്നും എഴുതിയിട്ടുണ്ട്.
ആരോപണം ആത്മഹത്യയ്ക്ക് കാരണമെന്നും സംശയം
പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായി ശാലിനിയോട് ഇക്കഴിഞ്ഞ15ന് ജാർഖണ്ഡ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതിനായി മനീഷ് ലീവെടുക്കുകയും ചെയ്തു. സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട ദിവസം തന്നെയാണ് മൂവരുടെയും മരണം ഉണ്ടായതെന്നാണു പോലീസിന്റെ നിഗമനം.
ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 2006 ല്‍ നടത്തിയ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ 64 പേര്‍ക്കാണു സെലക്ഷന് ലഭിച്ചത്. ഇവരില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ശാലിനി.
പരീക്ഷയില്‍ ക്രമക്കേടുണ്ടായതായി പരാതി ഉയര്‍ന്നതോടെ ജോലിയില്‍ പ്രവേശിച്ച 64 പേരും സര്‍വീസില്‍നിന്നു പുറത്തായി. 30 പേര്‍ക്കെതിരേ ആദ്യം കുറ്റപത്രം സമര്‍പ്പിച്ച സിബിഐ പിന്നീട് ബാക്കിയുള്ള 34 പേരുടേയും പേരില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചതായാണ് ലഭിക്കുന്ന വിവരം.
ബൊക്കാറോ സ്റ്റീല്‍ സിറ്റിയില്‍ അധ്യാപികയായിരുന്നു ശകുന്തള അഗര്‍വാള്‍. ഇവരുടെ നാലു മക്കളില്‍ മൂത്തത് ശാലിനിയാണ്. ഒരു മകൻ നേരത്തെ മരിച്ചു.
പൂജാമന്ത്രങ്ങളും മണിനാദവും കേട്ടിരുന്നെന്ന് അയൽവാസികള്‍
മനീഷ് വിജയിയുടെ കുടുംബം കടുത്ത ദൈവവിശ്വാസികളെന്നു സൂചന. സെന്‍ട്രല്‍ എക്സൈസിന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് ഈച്ചമുക്കിനു സമീപത്ത് ഇവര്‍ താമസിച്ചിരുന്ന വില്ലയിലെ മുറികളിലും ഷോകേസുകളിലും ക്ഷേത്രങ്ങളുടെയും ദേവീ-ദേവന്മാരുടെയും ധാരാളം ഫോട്ടോകള്‍ കണ്ടെത്തിയതായി അന്വേഷണസംഘം പറഞ്ഞു.
ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കു താഴെ സ്വര്‍ണാഭരണങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ചിരുന്നു. ക്ഷേത്രഗോപുരങ്ങള്‍ പശ്ചാത്തലമാക്കിയുള്ള ഫോട്ടോകളാണ് കണ്ടെത്തിയിട്ടുള്ളത്. പുലര്‍ച്ചെയും സന്ധ്യാനേരത്തും ഈ വീട്ടില്‍നിന്നു മന്ത്രങ്ങളും മണിനാദവും കേട്ടിരുന്നതായും പരിസരവാസികള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഉന്നതപദവി വഹിക്കുന്നവര്‍ താമസിക്കുന്ന വീട്ടുവളപ്പിലേക്ക് പുറത്തുനിന്നുള്ളവരാരും പ്രവേശിക്കാറില്ല. രണ്ടു വര്‍ഷത്തോളമായി ഇവിടെ താമസിച്ചിരുന്ന മനീഷ് വിജയ് പരിസരവാസികളുമായി യാതൊരു അടുപ്പവും പുലര്‍ത്തിയിരുന്നില്ലെന്നും പറയുന്നു.
വീടിനുള്ളില്‍നിന്ന് മനീഷിന്റെ അമ്മ ശകുന്തള അഗര്‍വാളും സഹോദരി ശാലിനി വിജയും അധികം പുറത്തിറങ്ങാറുമില്ലായിരുന്നു.