ഇടുക്കിയിലെ അനധികൃത പാറ ഖനനം: പ്രത്യേക സംഘം അന്വേഷിക്കും
Saturday, February 22, 2025 2:23 AM IST
തൊടുപുഴ: ഇടുക്കിയിലെ അനധികൃത പാറ ഖനനത്തെ സംബന്ധിച്ച് ഉയർന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. ഇടുക്കി, ദേവികുളം സബ് കളക്ടർമാർ നേതൃത്വം നൽകും. അന്വേഷണ പരിധി മേഖലയിലെ എസ്എച്ച്ഒ, തഹസിൽദാർ , വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ജിയോളജിസ്റ്റ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടാകും.
ഖനനം നടന്ന ഉടുന്പൻചോലയിലും, ബാലഗ്രാമിലും അന്വേഷണ സംഘം പരിശോധന നടത്തി. പാറഖനനവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, മകൻ, മരുമകൻ എന്നിവരുടെ പേരിൽ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സംഭവത്തിന് രാഷ്ട്രീയ മാനവും കൈവന്നിരിക്കുകയാണ്.
ഇതിനിടെ ഇടുക്കിയിലെ അനധികൃത ഖനന വാർത്ത പുറത്തുവന്നതിനു പിന്നാലെ ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരെ അടിയന്തരമായി സ്ഥലംമാറ്റി. പത്ത് ജില്ലകളിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. ഇടുക്കിയിലെ രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരെയാണ് സ്ഥലം മാറ്റിയത്. പാറ ഖനനം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഇവർക്ക് പകരം പുതിയ ആളെ നിയമിച്ചിട്ടില്ല.
ജില്ലാ കളക്ടർക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറി
തൊടുപുഴ: ജില്ലയിൽ അനധികൃത പാറഖനനം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും വ്യാജ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ട് അത് മാധ്യമങ്ങൾക്ക് നൽകിയ നടപടി ശരിയാണോയെന്ന് പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്.
ഉദ്യോഗസ്ഥനെതിരേ നിയമപരമായി നീങ്ങും. പരാതിയിൽ ഗൂഢാലോചനയുണ്ട്. പേരുവയ്ക്കാതെ നൽകിയ പരാതി വ്യാജമാണ്. പരാതി വന്നാൽ ഉടൻ അന്വേഷണത്തിന് ഉത്തരവിടുകയാണോ വേണ്ടതെന്ന് കളക്ടർ ചിന്തിക്കണം.
നിയമവിരുദ്ധമായ ഒരു നടപടിയും തന്റെ മരുമകൻ ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കട്ടെ. അതിൽ തനിയ്ക്കോ പാർട്ടിക്കോ ഉത്തരവാദിത്തമില്ല. തന്നെ വേട്ടയാടാൻ കളക്ടർ അവസരമൊരുക്കിയെന്നും സി.വി. വർഗീസ് പറഞ്ഞു.