പി.പി.ദിവ്യക്കെതിരേ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി
Saturday, February 22, 2025 2:23 AM IST
കണ്ണൂർ: ബിനാമി സ്വത്തിടപാടിലും ബിനാമി കമ്പനിക്ക് കോടികളുടെ കരാർ നൽകിയതിലും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യക്കെതിരേ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണു ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്കു രേഖകൾ സഹിതം പരാതി നൽകിയത്.
പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം രൂപവത്കരിച്ച കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനിക്കു കോടികളുടെ കരാറുകൾ ലഭിച്ചതിന്റെയും കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും പി.പി. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്തും കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയതിന്റെ രേഖകളും ബിനാമി കമ്പനിക്കു സിൽക്ക് വഴിയും ജില്ലാ നിർമിതികേന്ദ്ര വഴിയും നൽകിയ കോടിക്കണക്കിന് രൂപയുടെ കരാറിന്റെ രേഖകളും മുഹമ്മദ് ഷമ്മാസ് നേരത്തെ പുറത്തുവിട്ടിരുന്നു.
ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം കെട്ടിടം നിർമിക്കാൻ 49 സെന്റ് സ്ഥലം 2,40,32,500 രൂപയ്ക്ക് വാങ്ങിയതിന് പിന്നിലും അഴിമതിയുണ്ടെന്നും സിആർഇസഡ് -II ൽ ഉൾപ്പെടുന്നതും ഡിഫൻസ് ലാൻഡിനോട് ചേർന്നുള്ളതുമായ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ലെന്നിരിക്കെ പ്രവേശിക്കാൻ വഴി പോലുമില്ലാത്ത സ്ഥലം ന്യായവിലയേക്കാൾ കൂടുതൽ തുക നൽകി വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഉപയോഗശൂന്യമായ ഭൂമി ഇപ്പോഴും വെറുതെ കിടക്കുകയാണെന്നും പി. മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.