മോട്ടോർ വാഹന വകുപ്പിലെ അഴിമതിക്കാർ പങ്ക് തന്നാൽ നടപടിയില്ല
Saturday, February 22, 2025 2:23 AM IST
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ അഴിമതി നടത്തിയതായി വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് പോലും ചെയ്യാതെ ഗതാഗത വകുപ്പ്.
ജനുവരിയിൽ പാലക്കാട് ജില്ലയിലെ നാലുചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനയിൽ 26 ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് നല്കിയിരുന്നു. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി തുടങ്ങിയ ചെക്ക്പോസ്റ്റുകളിലാണ് ജനുവരി 10, 13 തിയതികളിൽ വിജിലൻസ് പരിശോധന നടത്തിയത്. ഇവിടെനിന്ന് 3.26 ലക്ഷം രൂപ രേഖകളില്ലാതെ പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും ചെക്ക്പോസ്റ്റിൽ ജോലിചെയ്തിരുന്ന ജീവനക്കാർക്കെതിരേ ഒരു അച്ചടക്കനടപടിയും ഉണ്ടായിട്ടില്ല. ചെക്ക്പോസ്റ്റിൽ പിരിക്കുന്ന തുകയുടെ ഒരു വിഹിതം വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനാ നേതാക്കൾ വാങ്ങി വകുപ്പിന്റെ തലപ്പത്തുള്ളവർക്കു വിതരണം ചെയ്യുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. തലപ്പത്തുള്ളവർ വിഹിതം പറ്റുന്നതുകൊണ്ടാണ് ചെക്ക്പോസ്റ്റിലെ ജീവനക്കാർക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ എടുക്കാത്തതെന്നാണ് ആക്ഷേപം.
ഏജന്റിന്റെ പോക്കറ്റിൽ കിടന്ന പേപ്പറിൽ ഉദ്യോഗസ്ഥന്റെ പേര് കണ്ടതിനു പോലും മുന്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നു വിജിലൻസ് കണ്ടെത്തി റിപ്പോർട്ട് കൊടുത്തിട്ടും ഒരാളെയും ഇതുവരെ സസ്പെൻഡ് ചെയ്യാത്തതിന്റെ പിന്നിൽ വിഹിതം കൈപ്പറ്റിയ ഉന്നതരുടെ പേര് പുറത്തുവരുമെന്ന ഭയംമൂലമാണെന്നും ആരോപണം ഉയരുന്നുണ്ട്.