ജർമൻ സംഗീത ബാൻഡ് കേരളത്തിലേക്ക്
Saturday, February 22, 2025 2:23 AM IST
തിരുവനന്തപുരം: ജർമൻ സാഹിത്യ ഇതിഹാസം ഗൊയ്ഥെയുടെ ജന്മനാടായ വെയ്മറിൽനിന്നുള്ള പ്രശസ്ത സംഗീതബാൻഡായ ദി പ്ലേ ഫോർഡ്സ് കേരളത്തിലെത്തുന്നു.
ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രത്തിന്റെ ക്ഷണപ്രകാരമെത്തുന്ന ദി പ്ലേഫോർഡ്സ് തിരുവനന്തപുരത്തും കൊച്ചിയിലും സംഗീതപരിപാടി അവതരിപ്പിക്കും. തിങ്കളാഴ്ച തിരുവനന്തപുരത്തും 27 ന് കൊച്ചിയിലുമാണ് പരിപാടി അരങ്ങേറുക.
17 മുതൽ 19 വരെ നൂറ്റാണ്ടുകളിലുള്ള ജർമൻ ഗാനങ്ങളാണ് അവതരിപ്പിക്കുക. വിവിധ വാദ്യോപകരണങ്ങളുടെ അകന്പടിയോടെയായിരിക്കും ഗാനാവതരണം.ജോണ്, ഹെൻറി പ്ലേഫോർഡ് എന്നിവരുടെ ‘ദി ഇംഗ്ലീഷ് ഡാൻസിംഗ് മാസ്റ്ററിൽ’നിന്ന് പ്രചോദനമുൾക്കൊണ്ട അഞ്ചംഗ സംഘമാണ് പ്ലേഫോർഡ്സിനു പിന്നിൽ.
ബ്യോർണ് വെർണർ (വോക്കൽസ്), ആനെഗ്രറ്റ് ഫിഷർ (റെക്കോർഡർ), എറിക് വാർക്കന്തിൻ (ല്യൂട്ട്), ബെഞ്ചമിൻ ഡ്രെസ്ലർ (വയല ഡ ഗാംബ), നോറ തീലെ (പെർക്കുഷൻ) എന്നിവരാണ് ബാൻഡംഗങ്ങൾ.
2001 ൽ വെയ്മറിലാണ് ദി പ്ലേഫോർഡ്സ് രൂപീകൃതമായത്. പാരന്പര്യലൂന്നിയുള്ള ചരിത്രപരമായ സംഗീതശൈലികളെ സമകാലികരീതികളുമായി കൂട്ടിയിണക്കിയുള്ള ഇവരുടെ അവതരണം ലോകമെന്പാടും പേരു കേട്ടതാണ്.
ജർമനിക്കു പുറമേ നെതർലൻഡ്സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പ്ലേഫോർഡ്സ് സംഗീതപരിപാടി അവതരിപ്പിക്കാറുണ്ട്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.