സർക്കാരിനു പൂർണ പിന്തുണയെന്നു സർവകക്ഷി യോഗം
Friday, April 25, 2025 2:33 AM IST
ന്യൂഡൽഹി: ഭീകരരെ അമർച്ച ചെയ്യാൻ സർക്കാരിനു പൂർണപിന്തുണയെന്നു സർവകക്ഷി യോഗത്തിൽ വിവിധ പാർട്ടികൾ.
അതേസമയം, പഹൽഗാമിൽ സുരക്ഷാവീഴ്ചയുണ്ടായെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു സർക്കാർ അറിയിച്ചു. അതേസമയം, ഭീകരരെ അടിച്ചമർത്താൻ എന്തു നടപടി സ്വീകരിക്കുമെന്നു യോഗത്തിൽ സർക്കാർ അറിയിച്ചില്ല.
കേന്ദ്രത്തിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു പൂർണ പിന്തുണ നല്കുമെന്നു സർവകക്ഷിയോഗത്തിനുശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ബൈസരണിലെ സുരക്ഷാവീഴ്ച രാഹുൽ യോഗത്തിൽ ഉന്നയിച്ചു. പ്രദേശത്ത് സുരക്ഷാസൈനികരെ വിന്യസിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ പ്രതിപക്ഷം വിമർശിച്ചു.
രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു സർവകക്ഷിയോഗം. ചർച്ചയ്ക്കു തുടക്കമിട്ടതും അദ്ദേഹമായിരുന്നു. ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക ആക്രമണം സംബന്ധിച്ച് 20 മിനിറ്റ് വിശദീകരണം നടത്തി. പിന്നീട് നേതാക്കളുടെ ചോദ്യങ്ങൾക്ക് അദ്ദേഹവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി നല്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തെത്തിയത്.
രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡ, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, സുപ്രിയ സുലെ (എൻസിപി-എസ്പി), പ്രഫുൽ പട്ടേൽ (എൻസിപി), അസദുദീൻ ഒവൈസി (എഐഎംഐഎം), സംസിത് പത്ര (ബിജെഡി), ലാവു ശ്രീകൃഷ്ണ ദേവരായുലു (ടിഡിപി), ശ്രീകാന്ത് ഷിൻഡെ( ശിവസേന), സഞ്ജയ് സിംഗ് (എഎപി), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ കോൺഗ്രസ്), പ്രേംചന്ദ് ഗുപ്ത (ആർജെഡി), ടി. ശിവ (ഡിഎംകെ), രാംഗോപാൽ യാദവ് (സമാജ്വാദി പാർട്ടി) എന്നിവരാണ് സർവകക്ഷിയോഗത്തിൽ പങ്കെടുത്തത്.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കും ഗൂഢാലോചനക്കാർക്കും അവർ സങ്കൽപ്പിക്കുന്നതിനപ്പുറമുള്ള ശിക്ഷ നൽകുമെന്നും കൊലയാളികളെ ഭൂമിയുടെ അറ്റംവരെ പിന്തുടർന്ന് ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി ബിഹാറിലെ മധുബനിയിൽ സങ്കടിപ്പിച്ച ചടങ്ങിൽ വ്യക്തമാക്കി.
സുരക്ഷാവീഴ്ച സർക്കാർ സമ്മതിച്ചെന്ന് സൂചന
ന്യൂഡൽഹി: ബൈസരണിൽ സുരക്ഷാവീഴ്ചയുണ്ടായതായി സൂചന. പ്രതിപക്ഷനേതാക്കൾക്കു നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം സൂചിപ്പിച്ചത്.
സാധാരണയായി ജൂണിലാണ് ബൈസരണ്‍ വിനോദസഞ്ചാരികൾക്കായി തുറക്കുക. ഏപ്രിൽ 20നു ബൈസരണ്‍ തുറന്നത് പ്രാദേശിക അധികൃതർ സുരക്ഷാ ഏജൻസികളെ ധരിപ്പിച്ചിരുന്നില്ലെന്നാണു റിപ്പോർട്ട്. സുരക്ഷാവീഴ്ചയുണ്ടായോ എന്ന് സർക്കാർ പരിശോധിക്കും.