ദീപികയുടേത് 138 വർഷമായി നീതിക്കുവേണ്ടി പോരാടുന്ന ചരിത്രം: കേന്ദ്രമന്ത്രി നഡ്ഡ
Friday, April 25, 2025 2:33 AM IST
ന്യൂഡൽഹി: ദീപികയുടേത് 138 വർഷമായി നീതിക്കും ജനാധിപത്യമൂല്യങ്ങൾക്കുംവേണ്ടി പോരാടുന്ന ചരിത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ദീപിക എന്ന വാക്കിനർഥം തന്നെ പ്രകാശമാണെന്നും ജ്ഞാനോദയമെന്നാണെന്നും സ്വാതന്ത്ര്യസമര ചരിത്രത്തിലടക്കം നിർണായകമായ ദിനപത്രമാണ് ദീപികയെന്നും നഡ്ഡ പറഞ്ഞു.
ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയ്ക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും ദീപികയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ഡൽഹിയിൽ സംഘടിപ്പിച്ച ആദരാഞ്ജലിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദീപികയുടെ 138 വർഷത്തെ ചരിത്രം അനുസ്മരിക്കുന്നതിനിടയിൽ പത്രത്തിന്റെ സ്ഥാപകനായ നിധീരിക്കൽ മാണിക്കത്തനാരെയും കേന്ദ്രമന്ത്രി അനുസ്മരിച്ചു. ഒന്നേകാൽ നൂറ്റാണ്ടിലധികം ചരിത്രമുള്ള ദീപിക എപ്പോഴും സത്യത്തിനും നീതിക്കും കർഷകജനതയ്ക്കും സ്ത്രീകൾക്കും കുട്ടികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുംവേണ്ടി നിലകൊണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പയ്ക്കും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അദ്ദേഹം ആദരമർപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ ദയയുടെയും വിനയത്തിന്റെയും ആൾരൂപമാണെന്നും അദ്ദേഹം പറഞ്ഞു.
1967 മുതൽ ദീപിക വായിക്കുന്ന വ്യക്തിയാണ് താനെന്നും തന്റെ വിശ്വാസത്തെ സൃഷ്ടിച്ചതിൽ മുഖ്യ പങ്ക് ദീപികയ്ക്കാണെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു പ്രസംഗിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേരളത്തിൽ കർഷകരുടെ അവകാശത്തിനായി പോരാടുന്ന ഒരേയൊരു പത്രം ദീപിക മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസിസ് മാർപാപ്പ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി എന്നും ശബ്ദമുയർത്തിയ വ്യക്തിയാണെന്നും അദ്ദേഹം ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും വക്താവായി നിലകൊണ്ടുവെന്നും സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വിവേചനം നേരിട്ടവരുടെയും ശബ്ദമായിരുന്നുവെന്നാണ് മുൻ കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ് പറഞ്ഞത്.
മനുഷ്യത്വത്തിന് ഒരു ആൾരൂപമുണ്ടെങ്കിൽ അത് ഫ്രാൻസിസ് മാർപാപ്പയാണെന്നു കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി മാർപാപ്പയ്ക്ക് ആദരമർപ്പിച്ചു പറഞ്ഞു. തന്റെ ജീവിതത്തിൽ താൻ ആദ്യമായി വായിച്ച ദിനപത്രം ദീപികയാണെന്നും ഇന്നുവരെ ദീപിക നിലപാടുകൾ കൈവിട്ടിട്ടില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. സത്യത്തോടും നീതിയോടുമുള്ള ദീപികയുടെ പ്രതിജ്ഞാബദ്ധത മറ്റുള്ള പത്രങ്ങൾക്കും മാതൃകയാകട്ടെയെന്നാണ് എ.എ. റഹീം എംപി പറഞ്ഞത്.
ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ദീപിക എഡിറ്റർ (നാഷണൽ അഫയേഴ്സ്) ജോർജ് കള്ളിവയലിൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഫാ. സൈമൺ പള്ളുപ്പെട്ട എന്നിവർ പ്രസംഗിച്ചു.