ഇന്ത്യ-പാക് കരാറുകളിൽ യുദ്ധനീക്കം
Friday, April 25, 2025 2:33 AM IST
ന്യൂഡൽഹി: സിന്ധുനദീജല കരാർ മരവിപ്പിക്കുന്നത് പാക്കിസ്ഥാന്റെ കാർഷിക സന്പദ്വ്യവസ്ഥയ്ക്കു കനത്ത തിരിച്ചടിയാകും. നിർണായക ജലവിഭവ ഡാറ്റാ കൈമാറ്റത്തെയും സുപ്രധാന വിള സീസണിലെ ജലമൊഴുക്കിനെയും ഇതു ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു.
എന്നിരുന്നാലും സിന്ധു നദീതടത്തിലെ പടിഞ്ഞാറൻ നദികളുടെ മുഴുവൻ വിഹിതവും ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ആശ്രയിച്ചാവും ദീർഘകാല ആഘാതം. ഈ പ്രക്രിയയ്ക്ക് ഒരു ദശാബ്ദമോ അതിൽ കൂടുതലോ എടുത്തേക്കാം എന്ന് വിദഗ്ധർ പറഞ്ഞു.
ചൊവ്വാഴ്ച കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ ദശാബ്ദങ്ങളുടെ പഴക്കമുള്ള നദീജല കരാർ മരവിപ്പിക്കാൻ തീരുമാനിച്ചത്.
1960ൽ ഒപ്പുവച്ച കരാറനുസരിച്ച് കിഴക്കൻ നദികളായ സത്ലജ്, ബിയാസ്, രവി എന്നിവയുടെ അവകാശം ഇന്ത്യക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. കരാറിൽ ഏകപക്ഷീയ മരവിപ്പിക്കൽ സാധ്യമല്ലെന്നതും ശ്രദ്ധേയമാണ്. കരാറിന്റെ നിയമപരമായ പരിമിതികൾ, നീരൊഴുക്കിന്റെ മുകൾവശത്തുള്ള രാജ്യം എന്നനിലയിൽ ഇന്ത്യക്കുള്ള ഭൂമിശാസ്ത്രപരമായ നേട്ടം, പാക്കിസ്ഥാനുണ്ടാകാനിടയുള്ള ഗുരുതരമായ സാന്പത്തിക പ്രത്യാഘാതം എന്നിവ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
""ഏകപക്ഷീയമായി റദ്ദാക്കാൻ കരാറിൽ വ്യവസ്ഥയില്ല. കിഴക്കൻ നദികളിൽനിന്ന് അനുവദിച്ചിട്ടുള്ള വിഹിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യ ഇപ്പോൾത്തന്നെ ഉപയോഗിക്കുന്നുണ്ട്. സിന്ധു, ഝലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികളുടെ കാര്യത്തിലാണ് യഥാർഥ പ്രശ്നം. അടിസ്ഥാനസൗകര്യങ്ങളുടെ കുറവു മൂലം നമുക്ക് ജലമൊഴുക്ക് പെട്ടെന്നു നിർത്താൻ പരിമിതികളുണ്ട്.
ചെനാബ് നദീതടത്തിൽ നമ്മുടെ നിരവധി പദ്ധതികളുടെ പണി നടക്കുന്നുണ്ട്. അവ പൂർത്തിയാകാൻ അഞ്ചു മുതൽ ഏഴുവരെ വർഷമെടുക്കും. അതുവരെ വെള്ളം പാക്കിസ്ഥാനിലേക്കൊഴുകുന്നതു തുടരും. ഈ പദ്ധതികൾ വന്നാൽ ജലമൊഴുക്ക് ഇന്ത്യക്ക് നിയന്ത്രിക്കാനാകും. ഇപ്പോൾ പറ്റില്ല.’’-അണക്കെട്ടുകൾ, നദികൾ, ജനങ്ങൾ എന്നിവയ്ക്കായുള്ള ദക്ഷിണേഷ്യാ നെറ്റ്വർക്കിന്റെ പ്രതിനിധി ഹിമാൻശു തക്കർ പറഞ്ഞു.
ലോകബാങ്കിന്റെ റിപ്പോർട്ടനുസരിച്ച്, പാക്കിസ്ഥാന്റെ 90 ശതമാനം ഭക്ഷ്യവിളകൾക്കും ജലസേചനം നടത്തുന്നത് സിന്ധുനദീ വ്യവസ്ഥയിലെ ജലമുപയോഗിച്ചാണ്. കയറ്റുമതിയിലൂടെ 2022ൽ 480 കോടി അമേരിക്കൻ ഡോളർ നേടിക്കൊടുത്ത ഗോതന്പ്, അരി, പരുത്തി എന്നിവയുടെ നിർണായകവളർച്ചാ ഘട്ടങ്ങളെ ജലക്ഷാമം ഗുരുതരമായി ബാധിക്കും. പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് നിർത്താനുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ പത്തുവർഷമെങ്കിലുമെടുക്കുമെന്ന കാര്യം ധർമാധികാരിയും എടുത്തുപറയുന്നു.
കരാർ റദ്ദാക്കിയാലും ജലപ്രവാഹം തടയുന്നത് നടപ്പാക്കാൻ പത്തുവർഷമെങ്കിലുമെടുക്കുമെന്നു ചുരുക്കം. ഇതിനുള്ള നിർമാണജോലികൾ യുദ്ധപ്രഖ്യാപനമായി വിലയിരുത്തിയേക്കാം-അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
വൻതോതിലുള്ള തടസം സൃഷ്ടിക്കാൻ വർഷങ്ങളെടുക്കുമെങ്കിലും ചെറിയ തടസങ്ങളുണ്ടാക്കുക സാധ്യമാണെന്നും ധർമാധികാരി പറയുന്നു. ഉദാഹരണമായി, റിസർവോയർ പ്രവർത്തനങ്ങൾ മാറ്റുന്നതിലൂടെ നീലം, കിഷൻഗംഗ നദികളിലേക്കുള്ള ഒഴുക്ക് തടയാൻ നമുക്കു കഴിയും.ഇതിനകം കുഴപ്പത്തിലായ പാക്കിസ്ഥാന്റെ സന്പദ്വ്യവസ്ഥയ്ക്കുമേൽ കൂടുതൽ സമ്മർദ്ദമുണ്ടാകും
. 2022-23ലെ സാന്പത്തിക സർവേ പ്രകാരം, കൃഷിയിലൂടെയാണ് അതിന്റെ ജിഡിപിയുടെ 22.7 ശതമാനവും വരുന്നത്. തൊഴിൽശക്തിയുടെ 37.4 ശതമാനം കൃഷിക്കാരാണ്. സിന്ധുനദീവ്യവസ്ഥ പാക്കിസ്ഥാന് എത്രത്തോളം സുപ്രധാനമാണെന്ന് മന്ഥൻ അധ്യയൻ കേന്ദ്രത്തിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീപദ് ധർമാധികാരി ഊന്നിപ്പറയുന്നു:
""സിന്ധുനദീതടത്തിലെ മുഴുവൻ കൃഷിയും സന്പദ്വ്യവസ്ഥയും ഈ നദിയിലെ ജലത്തെ മാത്രം ആശ്രയിച്ചാണ്’’ പടിഞ്ഞാറൻ നദികളിലെ വികസനം വേഗത്തിലാക്കിയും ഉടന്പടി പുനരാലോചനകൾ സജീവമാക്കിയും പാക്കിസ്ഥാന്റെ അനുകൂല വ്യാഖ്യാനങ്ങളെ വെല്ലുവിളിച്ചും ഇന്ത്യ തന്ത്രപരമായി പ്രതികരിക്കണമെന്ന് സിന്ധു നദീജലത്തിന്റെ മുൻ ഇന്ത്യൻ കമ്മീഷണർ പി.കെ. സക്സേന നാറ്റ്സ്ട്രാറ്റ് ഗവേഷണകേന്ദ്രത്തോട് പ്രതികരിച്ചിരുന്നു.
""സിന്ധു നദീജല ഉടന്പടിയുമായി ബന്ധപ്പെട്ട നയതന്ത്രപരവും സാങ്കേതികവുമായ ഇടപെടൽ ദക്ഷിണേഷ്യയിലെ ജലസ്രോതസുകളുടെ പങ്കിടലിന്റെ ഭൗമരാഷ്ട്രീയ ബലതന്ത്രം എടുത്തുകാട്ടുന്നതാണ്''-സക്സേന പറയുന്നു.
ഉടന്പടിയിലെ തർക്കപരിഹാരത്തിനുള്ള സംവിധാനങ്ങളുടെ പ്രശ്നവും വിദഗ്ധർ എടുത്തുപറയുന്നുണ്ട്. ഒരു ദശകമായി അതെല്ലാം കുഴപ്പത്തിലാണ്. 2016ൽ കിഷൻഗംഗ പദ്ധതിയെ എതിർത്ത് പാക്കിസ്ഥാൻ തുടക്കമിട്ട സമാന്തര നിയമനടപടികൾ ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച കോടതി നടപടികൾ ഇന്ത്യ ബഹിഷ്കരിച്ചിരിക്കുകയാണ്. എങ്കിലും കോടതിനടപടികളെ ബഹിഷ്കരണം ബാധിച്ചിട്ടില്ല.
സിംല കരാർ ചർച്ചയാകുന്നു
ന്യൂഡൽഹി: സിംല കരാർ ഒരിക്കൽകൂടി ചർച്ചയാവുകയാണ്. 1972ൽ ഒപ്പുവച്ച ഈ സമാധാനക്കരാർ മരവിപ്പിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷസാധ്യത വർധിപ്പിച്ചിരിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികൾക്കു ബദലായാണ് സിംല കരാർ മരവിപ്പിക്കുന്നതടക്കമുള്ള പാക് നടപടികൾ.
1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തെത്തുടർന്നുണ്ടായ സമാധാന ഉടന്പടിയാണ് സിംല കരാർ. 1972 ജൂലൈ രണ്ടിനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും കരാറിൽ ഒപ്പുവച്ചത്.
ബംഗ്ലാദേശിനെ മോചിപ്പിച്ച യുദ്ധത്തിൽ സന്പൂർണജയം ഇന്ത്യക്കായിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും സംഘർഷം അവസാനിപ്പിക്കാനുമാണ് രണ്ടു നേതാക്കളും സിംലയിൽ സമ്മേളിച്ചത്. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ രണ്ടു കൂട്ടരും സമ്മതിച്ചു.

പ്രധാന ധാരണ
തർക്കം ഉഭയകക്ഷിപരമായി തീർക്കണമെന്നായിരുന്നു ഇന്ത്യയുടെ നിബന്ധന. അത് കാഷ്മീർ തർക്കത്തിൽ നിർണായകമായി. യുദ്ധത്തിനുശേഷം നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ രേഖ, ഇന്ത്യ-പാക് നിയന്ത്രണരേഖയായി മാറി. സംഘർഷമുണ്ടായാലും ഇരു രാജ്യങ്ങളും ഏകപക്ഷീയമായി ഈ രേഖയില്‍ മാറ്റം വരുത്തില്ലെന്ന് കരാറില്‍ പറയുന്നു.
കരാര്‍ പ്രകാരം യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത 13,000 കിലോമീറ്ററിലധികം ഭൂമി തിരിച്ചുനൽകി. എങ്കിലും, ചോര്ബത്ത് താഴ്വരയിലെ 883 കിലോമീറ്ററിലധികംവരുന്ന ചില തന്ത്രപ്രധാന മേഖലകള്‍ ഇന്ത്യ കൈവശം വച്ചു.
ബംഗ്ലാദേശിന് പാക്കിസ്ഥാന്റെ നയതന്ത്ര അംഗീകാരം ലഭിക്കാൻ ഈ കരാർ പ്രേരണയായി. കരാർ നിലനിന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിന്നീട് പലപ്പോഴും ഉലച്ചിലുണ്ടായി. 1980കളിൽ സിയാച്ചിൻ ഹിമാനിയിലെ സംഘർഷം, 1999ലെ കാർഗിൽ യുദ്ധം, കാഷ്മീരുമായി ബന്ധപ്പെട്ട തർക്കങ്ങൾ, പുൽവാമ ഭീകരാക്രമണം എന്നിവ ബന്ധം കൂടുതൽ വഷളാക്കി.
1984ൽ സിയാച്ചിനിൽ നടത്തിയ"ഓപറേഷൻ മേഘദൂത്’എന്ന സൈനികനടപടിയെ സിംല കരാറിന്റെ ലംഘനമെന്നാണ് പാക്കിസ്ഥാൻ ആരോപിച്ചത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധുനദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതിനെ യുദ്ധസമാനമെന്നു വിശേഷിപ്പിച്ചാണ് പാക്കിസ്ഥാൻ സിംല കരാറടക്കമുള്ള സമാധാന കരാറുകളെ നിരാകരിക്കുന്നതായി പ്രഖ്യാപിച്ചത്.