നഴ്സിംഗ് വിദ്യാർഥിനിയുടെ വ്യാജപരാതി; മലയാളി കന്യാസ്ത്രീക്ക് മുൻകൂർ ജാമ്യം
Friday, April 25, 2025 2:33 AM IST
റായ്പുർ: നഴ്സിംഗ് വിദ്യാർഥിനിയുടെ വ്യാജപരാതിയിൽ നിർബന്ധിത മതപരിവർത്തനത്തിനു പോലീസ് കേസെടുത്ത മലയാളി കന്യാസ്ത്രീക്ക് ഛത്തീസ്ഗഡ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഛത്തീസ്ഗഡിലെ ജാഷ്പുര്‍ ജില്ലയിൽപ്പെട്ട കുങ്കുരി ഹോളി ക്രോസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലും കോട്ടയം സ്വദേശിനിയുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനാണു മുൻകൂർ ജാമ്യം ലഭിച്ചത്.
മതപരിവർത്തനം നടത്താൻ സിസ്റ്റർ നിർബന്ധിച്ചുവെന്ന മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർഥിനിയുടെ പരാതിയിലാണ് കന്യാസ്ത്രീക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ആറിനാണ് കന്യാസ്ത്രീക്കെതിരേ എഫ് ഐആർ രജിസ്റ്റർ ചെയ്തത്. പ്രാദേശിക കോടതി 11ന് ജാമ്യാപേക്ഷ തള്ളി. ഇതോടെ കന്യാസ്ത്രീയെ ഏതുസമയവും അറസ്റ്റ് ചെയ്തേക്കാമെന്ന ഭീതി ഉടലെടുത്തിരുന്നു. ഇതിനിടെയാണ് ആശ്വാസമായി ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചത്.
പ്രാക്ടിക്കൽ-തിയറി ക്ലാസുകൾക്ക് വിദ്യാർഥിനി കോളജിൽ എത്തിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സിസ്റ്റർ ബിൻസി വിദ്യാർഥിനിയെയും വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. 80 ശതമാനം ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷയെഴുതാൻ കഴിയൂ എന്ന് അറിയിച്ചിരുന്നു. 32 ശതമാനം ഹാജർ മാത്രമായിരുന്നു വിദ്യാർഥിനിക്ക് ഉണ്ടായിരുന്നത്.
വിദ്യാർഥിനിയെ തിയറി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെങ്കിലും ഹാജരില്ലാതെ പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്ന് കോളജ് അറിയിച്ചു. ഇതിനു പിന്നാലെയാണ് പെൺകുട്ടി ജില്ലാ കളക്ടർക്കു പരാതി നൽകിയത്.
വ്യാജപരാതിയിൽ കന്യാസ്ത്രീക്കെതിരേ കേസെടുത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ കോളജിനുമുന്നിൽ ദിവസങ്ങളോളം പ്രതിഷേധിച്ചു.
അതേസമയം, കന്യാസ്ത്രീക്കു പിന്തുണയുമായി സംസ്ഥാനത്തെയും രാജ്യത്തെയും ക്രൈസ്തവസമൂഹം ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.