മോദിസ്തുതിയും ലേഖന വിവാദവും; തരൂരിനെ വിളിപ്പിച്ച് ഹൈക്കമാൻഡ്
Wednesday, February 19, 2025 3:00 AM IST
സനു സിറിയക്
ന്യൂഡൽഹി: മോദി സ്തുതിക്കും ലേഖന വിവാദത്തിനും പിന്നാലെ ശശി തരൂരിനെ ഡൽഹിയിലേക്കു വിളിപ്പിച്ച് ഹൈക്കമാൻഡ്. സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ട് അപ്പ് നയത്തെയും മോദി-ട്രംപ് കൂടിക്കാഴ്ചയെയും പ്രകീർത്തിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തെ വിളിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം 5.20ന് ജൻപഥിലെ സോണിയ ഗാന്ധിയുടെ പത്താം നന്പർ വസതിയിലെത്തിയ തരൂർ, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വസതിയിലുണ്ടായിരുന്നു.
തുടർന്ന് 5.45ന് മാധ്യമങ്ങളോടു പ്രതികരിക്കാതെ കെ.സി. വേണുഗോപാൽ വസതിക്കു പുറത്തേക്കു പോയി. ഏറെനേരം അവിടെ തുടർന്ന തരൂർ മാധ്യമങ്ങൾക്കു മുഖം നൽകാതെ വസതിയുടെ പിൻവശത്തെ ഗേറ്റിലൂടെ പുറത്തേക്കുപോയി രാഹുലിനൊപ്പം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടു.
ഖാർഗെയുടെ വസതിയിലേക്കു പോകുന്നതിനിടെ, കാത്തിരുന്ന മാധ്യമപ്രവർത്തകരോട് പ്രശ്നങ്ങൾ സങ്കീർണമാകാതെയുള്ള അനുനയ ചർച്ചയാണു രാഹുലിനൊപ്പം നടന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
എല്ലാം കൂളാണ്. പ്രശ്നങ്ങളൊന്നുമില്ല. ചർച്ചയുടെ വിശദാംശങ്ങൾ അറിയില്ല. രാഹുൽ ഗാന്ധി നേരിട്ടു വിളിച്ചിട്ടാണ് ശശി തരൂർ വന്നത്. കോണ്‍ഗ്രസ് പാർട്ടിയുടെ നിലപാടിനൊപ്പമാണ് ശശി തരൂരെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.
തരൂർ മടങ്ങിയശേഷവും ഖാർഗെയുടെ വസതിയിൽ മറ്റു നേതാക്കൾ കൂടിക്കാഴ്ച നടത്തിയത് വിഷയം പാർട്ടി ഗൗരവമായി എടുത്തതിന്റെ സൂചനയാണ്.
മൂന്നു വര്‍ഷത്തിനുശേഷമാണ് രാഹുല്‍ -തരൂര്‍ കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയമായി. കൂടിക്കാഴ്ചയില്‍ തരൂര്‍ ദേശീയ നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചു. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തരൂർ നേതാക്കളെ അറിയിച്ചു.
മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രകീർത്തിച്ചതിനു പിന്നാലെ 2024ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സർവേയിൽ കേരളം രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ തരൂർ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കൾ സിപിഎമ്മിനെതിരേ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലായിരുന്നു തരൂരിന്റെ ലേഖനം.
ശശി തരൂരിന്റെ നിലപാടിനെതിരേയുള്ള അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. വിവാദം നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തരൂരിനെ വിളിപ്പിച്ചു വിശദീകരണം തേടിയത്.