തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജി അടുത്ത മാസം 19ന്
സ്വന്തം ലേഖകൻ
Thursday, February 20, 2025 3:18 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച ഹർജികൾ പരിഗണിക്കാതെ സുപ്രീംകോടതി. ഹർജികൾ മാർച്ച് 19നു പരിഗണിക്കാമെന്ന് ജസ്റ്റീസ് സൂര്യകുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
41-ാമത്തെ ഇനമായാണു കേസ് ഇന്നലെ ലിസ്റ്റ് ചെയ്തത്. നിരവധി കേസുകൾ ഇന്നലെ ബെഞ്ചിനു മുന്നിൽ എത്തിയതിനാൽ ഹർജി പരിഗണിക്കാൻ സാധിച്ചില്ല. കേന്ദ്രസർക്കാരിനുവേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിനു മുന്പാകെ ഹാജരാകേണ്ടതിനാൽ വിഷയത്തിൽ വാദം മാറ്റിവയ്ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.
കേസ് വളരെ പ്രാധാന്യമുള്ളതാണെന്നും വാദത്തിന് അധികസമയം എടുക്കില്ലെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടെങ്കിലും അടുത്ത മാസം 19ലേക്ക് മാറ്റുന്നതായി ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. മാർച്ച് 19നു മുന്പ് കേസ് കേൾക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.