പിസിബി റിപ്പോർട്ട് നിരാകരിച്ച് യോഗി ആദിത്യനാഥ്
Thursday, February 20, 2025 3:18 AM IST
പ്രയാഗ്രാജ്: മഹാകുംഭമേളയില്‍ തീര്‍ഥാടകര്‍ സ്നാനം ചെയ്യുന്ന പ്രയാഗ്രാജിലെ ഗംഗ, യമുന നദികളില്‍ അപകടകരമായ അളവില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയുളവാക്കുന്നതാണെന്ന വാദം തള്ളി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കുളിക്കുന്നതിനും കുടിക്കുന്നതിനും ജലം ഉപയോഗിക്കാമെന്ന് ഏതാനും പഠനം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്ഥാന, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡുകൾ ജലനിലവാരം അടിക്കടി പരിശോധിക്കുന്നുണ്ട്. 81 ഓടകളിൽനിന്നുമായി 261 മില്യൻ ലിറ്റർ മലിനജലമാണു പ്രതിദിനം ശൂചീകരിക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യുപി മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ജലം കുടിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.