ഹിന്ദി വിരുദ്ധ പ്രക്ഷോഭം: തമിഴ്നാട്ടിൽ കോലം വരച്ച് പ്രതിഷേധം
Thursday, February 20, 2025 3:18 AM IST
ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ തമിഴ്നാട്ടിൽ പ്രക്ഷോഭം കനക്കുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ രാഷ് ട്രീയപാർട്ടികളും ത്രിഭാഷാ പദ്ധതിക്കെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. യുവജന സംഘടനകളുടെ ആഭിമുഖ്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധം തുടരുകയാണ്. തെരുവിൽ വിവിധ നിറങ്ങളിൽ അരിപ്പൊടിക്കോലങ്ങൾ വരച്ചു പ്രതിഷേധിക്കണമെന്ന ആഹ്വാനം ജനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
തമിഴ്നാടിനുള്ള ഫണ്ട് എവിടെ എന്ന ചോദ്യത്തിനൊപ്പം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കോലത്തിനൊപ്പം എഴുതിച്ചേർത്താണു പ്രതിഷേധം. കോലം വരയ്ക്കുന്ന സ്ത്രീയുടെ വീഡിയോ ദൃശ്യവും ഭാരതീദാസന്റെ കവിതയിലെ വരികളും ചേർത്ത് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ സമൂഹമാധ്യമത്തിൽ പ്രതിഷേധക്കുറിപ്പ് പോസ്റ്റ്ചെയ്തു.
തങ്ങളുടെ വികാരങ്ങൾ കേള്‍ക്കാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു ഭാഷാ യുദ്ധത്തിനു മടിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിനെതിരേയുള്ള പ്രതിഷേധ പരിപാടിയിലാണു ഉദയനിധിയുടെ പ്രഖ്യാപനം. ത്രിഭാഷാ നയം അംഗീകരിച്ചാല്‍ മാത്രമേ തമിഴ്നാടിന് ഫണ്ട് ലഭിക്കൂ എന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കഴിഞ്ഞദിവസം പ്രസ്താ വിച്ചിരുന്നു.