മാധ്യമ പ്രവർത്തനത്തിൽ ജാഗ്രത വേണമെന്ന് സുപ്രീംകോടതി
സ്വന്തം ലേഖകൻ
Thursday, February 20, 2025 3:18 AM IST
ന്യൂഡൽഹി: ഏതെങ്കിലും പ്രസ്താവനകളോ വാർത്തകളോ പ്രസിദ്ധീകരിക്കുന്നതിനുമുന്പ് മാധ്യമങ്ങൾ അതീവ ജാഗ്രതയും ഉത്തരവാദിത്വവും പുലർത്തണമെന്ന് സുപ്രീംകോടതി.
ജനങ്ങളുടെ വികാരങ്ങളെ സ്വാധീനിക്കാനും ധാരണകളെ മാറ്റാനുമുള്ള കഴിവ് മാധ്യമങ്ങൾക്കുണ്ടെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എതിരേ ചുമത്തിയ മാനനഷ്ട കേസ് റദ്ദാക്കിയുള്ള ഉത്തരവിലായിരുന്നു കോടതിയുടെ നിരീക്ഷണം. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ ശക്തി പ്രധാനമാണ്. "വാളിനേക്കാൾ ശക്തിയുള്ളതാണ് പേന’ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ ബൽവർ ലിറ്റണിന്റെ വാക്കുകളും കോടതി ഉദ്ധരിച്ചു.
മാധ്യമങ്ങളുടെ വിശാലമായ വ്യാപ്തി കണക്കിലെടുത്താൽ ഒരൊറ്റ ലേഖനത്തിലൂടെയോ റിപ്പോർട്ടിലൂടെയോ ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസ്യതയും അഭിപ്രായങ്ങളും രൂപീകരിക്കാൻ സാധിക്കും. ആളുകളുടെ പേരുകൾ കളങ്കപ്പെടുത്താനും മാധ്യമങ്ങൾക്കു സാധിക്കും. ഇതിന്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമായി നിലനിൽക്കുന്നതാണ്. തെറ്റായ രീതിയിൽ മാധ്യമപ്രവർത്തനം നടത്തിയാൽ അത് സമൂഹത്തിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി.