സിപിഎം കണക്കുകൾ ഉപയോഗിച്ചല്ല ലേഖനമെഴുതിയത്
സ്വന്തം ലേഖകൻ
Thursday, February 20, 2025 3:31 AM IST
ന്യൂഡൽഹി: ലേഖന വിവാദത്തിൽ കോണ്ഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ചിട്ടും നിലപാടിൽ അയവ് വരുത്താതെ കോണ്ഗ്രസ് പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂർ. താൻ എല്ലാം ഒരു അടിസ്ഥാനത്തിലേ എഴുതാറുള്ളൂവെന്നും ലേഖനത്തിൽ ഉദ്ധരിച്ച വിവരങ്ങൾ സിപിഎമ്മിന്റെ കണക്കുകളല്ലെന്നും തരൂർ പറഞ്ഞു.
കേന്ദ്രത്തിന്റെ നിക്ഷേപസൗഹൃദ റിപ്പോർട്ടും അന്താരാഷ്ട്ര ഏജൻസിയുടെ ഗ്ലോബൽ ഇക്കോസിസ്റ്റം റിപ്പോർട്ടും ഉദ്ധരിച്ചാണ് തന്റെ ലേഖനം. ഇതിനു വിരുദ്ധമായുള്ള മറ്റു കണക്കുകൾ ലഭിച്ചാൽ നിലപാട് മാറ്റാൻ തയാറാണ്. താൻ കേരളത്തിനുവേണ്ടിയാണ് സംസാരിക്കുന്നതെന്നും എഴുതുന്നതെന്നും മറ്റാർക്കും വേണ്ടിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തരൂരിനെ ഡിവൈഎഫ്ഐ ക്ഷണിച്ചു. ഡൽഹിയിലെ വസതിയിൽ നേരിട്ടെത്തി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജുമാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്. പരിപാടി നടക്കുന്ന ദിവസങ്ങളിൽ തരൂരിന് മറ്റു തിരക്കുകളുള്ളതിനാൽ പങ്കെടുക്കാൻ സാധ്യത കുറവാണെന്നും എന്നാൽ അദ്ദേഹം ആശംസ അറിയിച്ചിട്ടുണ്ടെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തെക്കുറിച്ച് സത്യസന്ധമായ നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ വ്യക്തി എന്നനിലയിലും തിരുവനന്തപുരം എംപി എന്നനിലയിലുമാണ് തരൂരിനെ ക്ഷണിച്ചതെന്ന് സനോജ് പറഞ്ഞു.