മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു
സ്വന്തം ലേഖകൻ
Thursday, February 20, 2025 3:18 AM IST
ന്യൂഡൽഹി: രാജ്യത്തെ 26-ാമത് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു. രാജീവ് കുമാറിന്റെ പിൻഗാമിയായാണ് 61കാരനും കേരള കേഡർ ഐഎസ് ഉദ്യോഗസ്ഥനുമായ ഗ്യാനേഷ് സമുന്നത പദവിയിലെത്തുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ തെരഞ്ഞെടുപ്പു കമ്മീഷണറായി ചുമതലയേറ്റ ഗ്യാനേഷിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സമിതി നിയമിച്ചത്. രാഷ്ട്രനിർമാണത്തിനുള്ള ആദ്യപടി വോട്ടിംഗാണെന്ന് ചുമതലയേറ്റശേഷം രാജ്യത്തെ വോട്ടർമാർക്കുള്ള സന്ദേശമായി ഗ്യാനേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലായ്പ്പോഴും വോട്ടർമാരുടെ കൂടെയാണെന്നും 18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരന്മാരും വോട്ടർമാരായി മാറണമെന്നും ചുമതലയേറ്റശേഷമുള്ള ആദ്യ പ്രസ്താവനയിൽ ഗ്യാനേഷ് പറഞ്ഞു.
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ട വിവേക് ജോഷിയും ചുമതലയേറ്റു. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരുന്ന ദിവസംതന്നെയാണ് ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനസമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തതും പ്രധാനമന്ത്രിയും ഇഷ്ടക്കാരനായ മന്ത്രിയും ചേർന്നു തീരുമാനിക്കുന്നതും സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് കഴിഞ്ഞദിവസം നിയമനസമിതി അംഗവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരുന്നു.