പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് ഭാരവാഹികളോടു ഖാർഗെ
സ്വന്തം ലേഖകൻ
Thursday, February 20, 2025 3:31 AM IST
ന്യൂഡൽഹി: ഭാവിയിലെ തെരഞ്ഞെടുപ്പുഫലങ്ങൾക്ക് മുതിർന്ന നേതാക്കൾ ഉത്തരവാദികളായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യയശാസ്ത്രത്തിൽ ദുർബലരായവരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിനെ വിമർശിച്ച ഖാർഗെ, പ്രതിസന്ധിഘട്ടത്തിൽ ഇവരിൽ പലരും ഒളിച്ചോടാറുണ്ടെന്നും വ്യക്തമാക്കി.
ഡൽഹിയിലെ പുതിയ പാർട്ടി ആസ്ഥാനത്തു നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. സംസ്ഥാന നേതൃത്വം മുതൽ ബൂത്തുതലം വരെ സംഘടനയെ ശക്തിപ്പെടുത്തേണ്ടത് പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രവർത്തകർ താഴെത്തട്ടിലേക്ക് ഇറങ്ങുന്പോൾ വിശ്വസ്തരെയും പ്രത്യയശാസ്ത്രപരമായി ശക്തരായവരെയും പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നു ഖാർഗെ നിർദേശിച്ചു. പാർട്ടിയുടെ മുകൾത്തട്ട് മുതൽ ബൂത്തുതലം വരെയും സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്വം ജനറൽ സെക്രട്ടറിമാരും ഭാരവാഹികളും ഏറ്റെടുക്കണം. തൊഴിലാളികൾക്കും സാധാരണക്കാർക്കും ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം.
തൊഴിലാളി സംഘടനകളുടെ പ്രവർത്തനങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്യുകയോ മറ്റു ബൂത്തുകളിൽ പേരുകൾ ചേർക്കുകയോ ചെയ്യുന്നതായി തോന്നിയിട്ടുള്ളതായും തെരഞ്ഞടുപ്പ് കമ്മീഷനെതിരേയുള്ള ആരോപണങ്ങളെ പരാമർശിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ പാർട്ടി കാര്യമായി പരിശ്രമിച്ചു.
അടുത്ത അഞ്ചു വർഷം ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ശക്തമായ പ്രതിപക്ഷശബ്ദമായി മാറാൻ കോണ്‍ഗ്രസിനു കഴിയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാർ, ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.