പ്രകൃതിക്ഷോഭം: അഞ്ചു സംസ്ഥാനങ്ങൾക്ക് 1554.99 കോടി അധിക ധനസഹായം
സ്വന്തം ലേഖകൻ
Thursday, February 20, 2025 3:31 AM IST
ന്യൂഡൽഹി: കഴിഞ്ഞ വർഷം പ്രകൃതിക്ഷോഭം നേരിട്ട അഞ്ചു സംസ്ഥാനങ്ങൾക്ക് 1554.99 കോടി അധിക ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് ദേശീയ ദുരന്തനിവാരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് അധിക തുക അനുവദിച്ചത്.
വെള്ളപ്പൊക്കം, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ആന്ധ്രപ്രദേശ്, നാഗാലാൻഡ്, ഒഡീഷ, തെലുങ്കാന, ത്രിപുര സംസ്ഥാനങ്ങൾക്കാണ് പണം അനുവദിച്ചിരിക്കുന്നത്. എന്നാൽ, വയനാട്ടിലും വിലങ്ങാട്ടും കോടികളുടെ നാശനഷ്ടമുണ്ടാക്കിയ ഉരുൾദുരന്തമുണ്ടായിട്ടും കേരളത്തെ അവഗണിച്ചു. അധികമായി അനുവദിച്ച ഫണ്ടിൽനിന്നു നിലവിലുള്ള എസ്ഡിആർഎഫ് ഫണ്ടിന്റെ 50 ശതമാനം കുറച്ചശേഷമുള്ള തുകയായിരിക്കും സംസ്ഥാനങ്ങൾക്കു ലഭിക്കുക.
ആന്ധ്രയ്ക്ക് 608.08, നാഗാലാൻഡിന് 170.99, ഒഡീഷയ്ക്ക് 255.24, തെലുങ്കാനയ്ക്ക് 231.75, ത്രിപുരയ്ക്ക് 288.93 കോടി രൂപയുമാണ് എൻഡിആർഎഫിൽനിന്ന് അധികമായി ലഭിക്കുക.
സംസ്ഥാന ദുരന്തനിവാരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടിനുപുറമെയാണ് ഈ അധികസഹായം.