മുല്ലപ്പെരിയാർ: ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാരം നിർദേശിക്കാൻ സുപ്രീംകോടതി
സനു സിറിയക്
Thursday, February 20, 2025 3:31 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ പുതുതായി രൂപീകരിച്ച മേൽനോട്ട സമിതിക്ക് സാധിക്കുമെന്ന് സുപ്രീംകോടതി. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമാകുന്ന പരിഹാരം മേൽനോട്ട സമിതി കണ്ടെത്തണമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ മേൽനോട്ട സമിതി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ ഏതൊരു നടപടിയും കേരളത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചിലർ പ്രചരിപ്പിക്കുന്നതായും മേൽനോട്ട സമിതിയെ അടക്കം നിശ്ചയിച്ച സാഹചര്യത്തിൽ കോടതിയുടെ ഇടപെടലില്ലാതെ വിഷയം പരിഹരിക്കാൻ സാധിക്കില്ലേയെന്നും കോടതി നിരീക്ഷിച്ചു. അണക്കെട്ടിനു സമീപം മരങ്ങൾ മുറിക്കുന്നത് റദ്ദാക്കിയ കേരളത്തിന്റെ നടപടികൾക്കെതിരേയുള്ള ഹർജികൾ പരിഗണിക്കവെയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മേൽനോട്ട സമിതി ചെയർമാന്റെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം. അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പരിഹാരമാർഗങ്ങൾ കണ്ടെത്തണം. ഏതെങ്കിലും വിഷയത്തിൽ തർക്കമുണ്ടായാൽ അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മേൽനോട്ട സമിതി കോടതിക്കു സമർപ്പിക്കണമെന്നും അതിൽ കോടതി ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി.
നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. വിഷയങ്ങൾ മൂന്നംഗ ബെഞ്ച് പരിഗണിക്കേണ്ടതിനാൽ ലിസ്റ്റ് ചെയ്യുന്നതിനായി ചീഫ് ജസ്റ്റീസിന് കൈമാറുന്നതായും കോടതി വ്യക്തമാക്കി.