മുഡ: സിദ്ധരാമയ്യയ്ക്ക് ആശ്വാസം
Thursday, February 20, 2025 3:18 AM IST
ബംഗളൂരു: മുഡ ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. കേസിൽ സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിക്കും എതിരായി തെളിവുകളില്ലെന്ന് ലോകായുക്ത പോലീസ് അറിയിച്ചു.
കർണാടക ഹൈക്കോടതിയിൽ നൽകിയ അന്തിമറിപ്പോർട്ടിലാണ് ഇരുവർക്കുമെതിരായി തെളിവുകളില്ലെന്നു ലോകായുക്ത പോലീസ് അറിയിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി മുതൽ നാലാം പ്രതി വരെയുള്ളവർക്കെതിരായ ആരോപണങ്ങളിൽ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ മുൻ ഉടമ ദേവരാജു എന്നിവരും പ്രതികളാണ്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ലോകായുക്ത പോലീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അഥോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം.