25 കോടി പേരെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റിയെന്ന് മോദി
Wednesday, February 5, 2025 4:01 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ചിലർ ആഡംബരവസതികളും വിശാല കുളിമുറികളും പണിയുകയും മറ്റു ചിലർ ഗരീബി ഹഠാവോ പോലുള്ള കപട മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്യുന്പോള് രാജ്യത്തെ 25 കോടി പാവപ്പെട്ടവരെ തന്റെ സർക്കാർ ദാരിദ്ര്യത്തിൽനിന്നു കരകയറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിനോദത്തിനായി പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോ സെഷനുകൾ നടത്തുന്നവർക്ക് പാർലമെന്റിൽ ദരിദ്രരെക്കുറിച്ചുള്ള പരാമർശം വിരസമായിരിക്കുമെന്നും മോദി പരിഹസിച്ചു.
ലോക്സഭയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു നൽകിയ മറുപടിയിൽ കോണ്ഗ്രസ്, ആം ആംദ്മി പാർട്ടി നേതാക്കൾക്കെതിരേ രൂക്ഷവിമർശനമാണു പ്രധാനമന്ത്രി മോദി നടത്തിയത്. പാവപ്പെട്ടവർക്കുവേണ്ടിയല്ല, അദാനിക്കും അംബാനിക്കും വേണ്ടിയുള്ള സർക്കാർ എന്നാണു പറയേണ്ടതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
പ്രതിപക്ഷത്തിനു വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നുമായിരുന്നു മോദിയുടെ പരിഹാസം. രാഷ്ട്രപതിയുടെ പ്രസംഗത്തിന് 14-ാം തവണയും മറുപടി പറയാൻ അവസരം നൽകിയതിന് നന്ദി പറയാനും മോദി മറന്നില്ല. വികസിത ഭാരതത്തിനായുള്ള 25 വർഷത്തേക്കുള്ള ലക്ഷ്യപത്രമാണു രാഷ്ട്രപതി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.പാവപ്പെട്ടവർക്ക് ഇതുവരെ നാലു കോടി വീടുകൾ നൽകി.
കഷ്ടപ്പെട്ടു ജീവിതം നയിച്ചവർക്കു മാത്രമേ വീടു കിട്ടിയതിന്റെ വില മനസിലാകൂ. ശൗചാലയങ്ങളില്ലാത്തതിനാൽ മുൻകാലങ്ങളിൽ സ്ത്രീകൾ ഒരുപാട് കഷ്ടപ്പെട്ടു. ഈ സൗകര്യങ്ങളുള്ളവർക്ക് ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ മനസിലാകില്ല. തന്റെ സർക്കാർ 12 കോടിയിലധികം ടോയ്ലറ്റുകൾ നൽകി. അഞ്ചു പതിറ്റാണ്ടോളം ഗരീബി ഹഠാവോ (ദാരിദ്ര്യം ഇല്ലാതാക്കൂ) മുദ്രാവാക്യം കേട്ടു.
എന്നാൽ അതു നടപ്പാക്കാനായില്ല. നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകി അവർ ജനങ്ങളെ വിഡ്ഢികളാക്കുന്നു. എന്നാൽ, ഞങ്ങൾ യുവാക്കൾക്കും പാവപ്പെട്ടവർക്കുംവേണ്ടി പ്രവർത്തിക്കുന്നു. ചില നേതാക്കൾ ആഡംബരവീടുകളും (ശീഷ് മഹൽ) ജാക്കുസിയും ഷവറും നിർമിക്കാൻ ശ്രദ്ധിച്ചപ്പോൾ ഓരോ വീട്ടിലും വെള്ളമെത്തിക്കാനാണ് ഞങ്ങൾ ശ്രദ്ധിച്ചത്.
പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെ ഒരു പാർട്ടിയുടെ ഭരണം മാത്രമേ ഒരുകാലത്ത് ഉണ്ടായിരുന്നുള്ളൂ. മാന്യനെന്നു വിശേഷിപ്പിക്കുന്നത് ഫാഷനാക്കിയ ഒരാൾ പ്രധാനമന്ത്രിയായിരുന്നു. മിസ്റ്റർ ക്ലീൻ എന്നായിരുന്നു പറച്ചിൽ. അക്കാലത്ത് ഒരു രൂപ ചെലവഴിക്കുന്പോൾ പാവപ്പെട്ടവർക്ക് 15 പൈസ ലഭിക്കുമായിരുന്നുവെന്ന് അദ്ദേഹംതന്നെ പറഞ്ഞുവെന്ന് രാജീവ് ഗാന്ധിയുടെ പേരെടുത്തു പറയാതെ മോദി പറഞ്ഞു.
എന്നാൽ, ജനങ്ങളുടെ പൈസ ജനങ്ങൾക്കുവേണ്ടിയെന്നതാണ് തങ്ങളുടെ നയം. ജനങ്ങൾക്കു നേരിട്ട് ആനുകൂല്യം കൈമാറുന്ന എന്ന പദ്ധതി ഞങ്ങൾ കൊണ്ടുവന്നു. 40 ലക്ഷം കോടി രൂപ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഞങ്ങൾ നേരിട്ട് നിക്ഷേപിച്ചു.
സർക്കാർ പദ്ധതികളുടെ ഫണ്ടിൽനിന്നു മുതലെടുത്തിരുന്ന ഇന്ത്യയിൽ ജനിക്കാത്ത പത്തു കോടി തട്ടിപ്പുകാരെ കണ്ടെത്തി. രാഷ്ട്രീയ പ്രത്യാഘാതം നോക്കാതെ അനർഹരായ പത്തു കോടി പേരെ നീക്കിയശേഷം തുക യഥാർഥ ഗുണഭോക്താക്കൾക്കു നൽകി. അഴിമതിയും അഴിമതിയുമായി ബന്ധപ്പെട്ടതുമായിരുന്നു നേരത്തേ പത്രങ്ങളുടെ തലക്കെട്ടുകൾ. പത്തു വർഷം കഴിഞ്ഞു. നിരവധി നടപടികൾ സ്വീകരിച്ചു.
പൊതുജനങ്ങൾക്കായി ഉപയോഗിച്ച കോടിക്കണക്കിന് രൂപ ലാഭിച്ചു. പക്ഷേ ഞങ്ങൾ ആ പണം ഉപയോഗിച്ചത് "ശീഷ്മഹൽ’നിർമിക്കാനല്ല, പകരം രാഷ്ട്രം കെട്ടിപ്പടുക്കാനാണ്. പത്തു വർഷമായി ആദായനികുതി കുറച്ചുകൊണ്ട് ഇടത്തരക്കാരുടെ സന്പാദ്യം വർധിപ്പിച്ചു.
2014നുമുന്പ് നികുതി ബോംബുകളും ബുള്ളറ്റുകളുമായിരുന്നു. അതിലൂടെ ആളുകളുടെ ജീവിതത്തെ ബാധിച്ചു. ആ മുറിവുകൾ ക്രമേണ സുഖപ്പെടുത്തി ഞങ്ങൾ ബാൻഡേജിട്ടു. 2013-2014ൽ രണ്ടു ലക്ഷം രൂപയ്ക്കു മാത്രമേ നികുതി ഇളവ് ഉണ്ടായിരുന്നുള്ളൂ.
അതാണ് 12 ലക്ഷം വരുമാനമുള്ളവർക്ക് നികുതിയില്ലാതാക്കിയത്. 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ചേർത്താൽ ഏപ്രിൽ ഒന്നിനുശേഷം രാജ്യത്തെ ശന്പളക്കാരായവർക്ക് 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ലെന്നും പ്രധാനമന്ത്രി മോദി വിശദീകരിച്ചു.