വിദ്യാർഥിയെ വിവാഹം ചെയ്തുവെന്ന ആരോപണം: അധ്യാപിക രാജിവയ്ക്കും
Wednesday, February 5, 2025 4:01 AM IST
കോൽക്കത്ത: ക്ലാസ്റൂമിനുള്ളിൽ വച്ച് വിദ്യാർഥിയെ വിവാഹം ചെയ്തുവെന്ന ആരോപണം നേരിടുന്ന വനിതാ പ്രഫസർ രാജിസന്നദ്ധത അറിയിച്ചു.
ഇവർ തന്റെ വിദ്യാർഥിയെ ‘വിവാഹം’ ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് അധ്യാപികയുടെ തീരുമാനം. മൗലാന അബുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മേധാവിയാണ് ഇവർ.
ഹിന്ദു ആചാരപ്രകാരം ‘വിവാഹം’നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ കഴിഞ്ഞ മാസം 28നാണ് വൈറലായത്.
എന്നാൽ, ഇത് പഠനത്തിന്റെ ഭാഗമായ പ്രോജക്ടിനുവേണ്ടി വിദ്യാർഥികളുടെ സമ്മതത്തോടെ നടത്തിയ നാടകത്തിലെ രംഗമാണെന്ന് അധ്യാപിക അവകാശപ്പെട്ടു. പക്ഷേ ഈ വാദം അംഗീകരിക്കില്ലെന്ന് സർവകലാശാല രൂപം നൽകിയ അഞ്ചംഗ അന്വേഷണ പാനൽ അറിയിച്ചു.