വന്യജീവി ആക്രമണം ; കേരളം ചോദിച്ച തുക അനുവദിക്കാൻ പ്രശ്നമുണ്ട്: കേന്ദ്രം
Wednesday, February 5, 2025 4:19 AM IST
ന്യൂഡൽഹി: വന്യജീവി ആക്രമണം തടയുന്നതിന് കേരളം സമർപ്പിച്ച 620 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്.
സംസ്ഥാനം സമർപ്പിച്ച പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നൽകിയ കത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാർഷിക പദ്ധതിയുടെ അടിസ്ഥാനത്തിലാണ് വന്യജീവി ആക്രമണം തടയുന്നതു സംബന്ധിച്ച ഫണ്ട് അനുവദിക്കുന്നത്. കേരളം സമർപ്പിച്ചിട്ടുള്ള വാർഷിക പദ്ധതിയനുസരിച്ച് 11.31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാർഷിക പദ്ധതിക്കപ്പുറത്ത് കൂടുതൽ ഫണ്ട് അനുവദിക്കണമെങ്കിൽ ധനമന്ത്രാലയത്തിന്റെ അനുമതി വേണം.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് വീണ്ടും നിർദേശം സമർപ്പിക്കാവുന്നതാണ്. പ്രശ്നകാരികളായ വന്യമൃഗങ്ങളെ ഇല്ലാതാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമമനുസരിച്ച് അനുവാദം നൽകിയിട്ടുണ്ടെന്നും ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.