എയിംസ് കിനാലൂരിൽ സ്ഥാപിക്കണം: പി.ടി. ഉഷ
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് രാജ്യസഭാ എംപി പി.ടി. ഉഷ. എയിംസിനായി ഇവിടെ സംസ്ഥാനസർക്കാർ 153.43 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും പദ്ധതിക്കായി പി.ടി. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽനിന്ന് അഞ്ചേക്കർ ഭൂമി നൽകിയിരുന്നുവെന്നും ഉഷ രാജ്യസഭയിൽ വ്യക്തമാക്കി.
കിനാലൂരിൽ എയിംസ് സ്ഥാപിച്ചാൽ തമിഴ്നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങൾക്കും അതിന്റെ ഗുണം ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ലക്ഷ്യമിടുന്നത് എല്ലാവർക്കും ആരോഗ്യസുരക്ഷ പ്രാപ്യമാക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നും അവർ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
കിനാലൂരിൽ എയിംസിനായി 250 ഏക്കർ ഭൂമിയാണു സംസ്ഥാനസർക്കാർ വാഗ്ദാനം ചെയ്തത്. ഇതിൽ വ്യവസായ വികസന വകുപ്പിനു കീഴിലുള്ള 150 ഏക്കർ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറി. ഭാവി വികസനം കണക്കിലെടുത്ത് 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടതുണ്ട്.