ധനഞ്ജയ് മുണ്ടെ അഴിമതി നടത്തിയെന്ന് അക്ടിവിസ്റ്റ്
Wednesday, February 5, 2025 4:01 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മുൻ മഹായുതി സഖ്യത്തിന്റെ ഭരണ കാലത്ത് കൃഷി വകുപ്പിൽ 88 കോടി രൂപയുടെ അഴിമതി നടന്നിരുന്നുവെന്ന് ആക്ടിവിസ്റ്റ് അഞ്ജലി ദമാനിയ ആരോപിച്ചു. അക്കാലത്ത് എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെയായിരുന്നു കൃഷിവകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
2016ൽ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സ്കീമിന്റെ ഭാഗമായി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ട് പണമയക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ടായിട്ടും കൃഷിവകുപ്പ് അതു പാലിച്ചില്ല. ഇതിനുപകരം അധികം തുകയ്ക്ക് കാർഷികോപകരണങ്ങളും വളവും വാങ്ങുകയാണ് വകുപ്പ് ചെയ്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയം പരിശോധിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നു ശിവസേന മന്ത്രി സഞ്ജയ് ഷിർസത് പ്രതികരിച്ചു.
സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടെയുടെ സഹായി വാൽമിക് കരാഡ് അറസ്റ്റിലായത് അടുത്തകാലത്ത് മുണ്ടെയ്ക്ക് തിരിച്ചടിയായിരുന്നു. വാൽമിക് കരാഡുമായി മുണ്ടെയ്ക്ക് സാന്പത്തിക ഇടപാടുകളുണ്ടെന്നും ദമാനിയ ആരോപിച്ചിരുന്നു.