മാധ്യമപ്രവർത്തകരെ മാനസികമായി പീഡിപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
Wednesday, February 5, 2025 4:01 AM IST
ചെന്നൈ: അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമക്കേസിൽ എഫ്ഐആർ ചോർന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരെ മാനസികമായി പീഡിപ്പിക്കരുതെന്ന് വനിതാ അന്വേഷണസംഘത്തോട് മദ്രാസ് ഹൈക്കോടതി.
ചെന്നൈ പ്രസ് ക്ലബ്ബും നിരവധി മാധ്യമപ്രവർത്തകരും ഫയൽ ചെയ്ത ഹർജികൾ പരിഗണിച്ചാണ് ജസ്റ്റീസ് ജി.കെ. ഇലന്തിരായൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിരവധി തവണ അനാവശ്യമായി വിളിച്ചുവരുത്തുകയും അപ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുവെന്നാണു വനിതകൾ മാത്രമടങ്ങുന്ന അന്വേഷണ സംഘത്തെക്കുറിച്ചുള്ള പരാതികൾ.
മൊബൈൽ ഫോണുകൾ പിടിച്ചെടുത്തുവെന്ന് മാധ്യമപ്രവർത്തകരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എഫ്ഐആർ ഡൗൺലോഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.