‘ആയിരങ്ങൾ മരിച്ചു’വെന്ന ഖാർഗെയുടെ പരാമർശത്തിൽ പ്രതിഷേധം
Tuesday, February 4, 2025 3:18 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആയിരങ്ങൾ മരിച്ചുവെന്ന രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരേ പ്രതിഷേധം.
കുംഭമേളയിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് രാജ്യസഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കുന്നതിനിടെയാണ് മരിച്ച ആയിരം പേർ എന്നു ഖാർഗെ പരാമർശിച്ചത്. എന്നാൽ ഉടൻതന്നെ ഇതെന്റെ കണക്കാണെന്നും ഇതു ശരിയല്ലെങ്കിൽ സർക്കാർ ഉടൻതന്നെ യഥാർഥ കണക്കുകൾ പുറത്തുവിടണമെന്നും ഖാർഗെ പറഞ്ഞു.
ആയിരങ്ങൾ എന്നു പരാമർശിച്ചത് ആരെയും കുറ്റപ്പെടുത്താനല്ലെന്നും എത്രപേർ മരിച്ചുവെന്നും എത്രപേരെ കാണാതായെന്നുമുള്ള കണക്കുകൾ സർക്കാർ നൽകിയാൽ തിരുത്താൻ തയാറാണെന്നും ഖാർഗെ പറഞ്ഞു.
പരാമർശത്തിനുശേഷം ഭരണപക്ഷം പ്രതിഷേധം തുടങ്ങിയതോടെ ഖാർഗെ പ്രസ്താവന പിൻവലിക്കണമെന്ന് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ ആവശ്യപ്പെട്ടു.
സഭയിൽ എന്തു തന്നെ സംസാരിച്ചാലും അതിനു പ്രാധാന്യമുണ്ടെന്നും കണക്കുകൾ പെരുപ്പിച്ചു കാട്ടിയുള്ള പരാമർശങ്ങൾകൊണ്ട് അങ്ങ് സഭയിലെ എല്ലാവരെയും സ്തംഭിപ്പിച്ചെന്നും ധൻകർ ചൂണ്ടിക്കാട്ടി. പ്രസ്താവന പിൻവലിക്കണമെന്ന് ധൻകർ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ കണക്കുകൾ കാണിക്കണമെന്ന് ഖാർഗെ നിലപാടെടുത്തു.
മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേർ കൊല്ലപ്പെട്ടുവെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകളെങ്കിലും യഥാർഥ കണക്കുകൾ പുറത്തുവിടുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.