മേക്ക് ഇൻ ഇന്ത്യ പരാജയം: രാഹുൽ
Tuesday, February 4, 2025 3:18 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യ നല്ല ആശയമാണെങ്കിലും അതു നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി മോദി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേക്ക് ഇൻ ഇന്ത്യയുടെ പരാജയത്തിന്റെ ഫലമാണ് ഇന്ത്യൻ പ്രദേശത്ത് ചൈനയുടെ സാന്നിധ്യം.
ഇന്ത്യയുടെ പ്രദേശത്തു ചൈന കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാദത്തെ സൈനികമേധാവി തന്നെ തള്ളിയിട്ടുണ്ട്. സാങ്കേതികവിദ്യകളുടെ പുതിയ വിപ്ലവത്തിൽ മുന്നിലെത്തുകയും തൊഴിലില്ലായ്മ പരിഹരിക്കുകയുമാണ് ഇന്ത്യയിലെ യുവജനങ്ങൾക്കു നൽകാവുന്ന സമ്മാനമെന്നും രാഹുൽ ലോക്സഭയിൽ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പാർലമെന്റിലെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാഷ്ട്രപതിയുടെ പ്രസംഗം കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാരിന്റെ പരിപാടികളുടെ ആവർത്തനമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ‘ഇന്ത്യ’ സഖ്യമായിരുന്നു രാജ്യം ഭരിക്കുന്നതെങ്കിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ എന്ത് ഉണ്ടാകണമായിരുന്നു എന്നാണു താൻ പറയുന്നതെന്ന് രാഹുൽ വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവിയായ യുവജനങ്ങൾക്കു വേണ്ട അവസരവും ദിശാബോധവും നൽകാൻ കഴിയുന്നതാകണം സർക്കാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ ഒഴികെയുള്ള മുതിർന്ന മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കളുമടക്കം ലോക്സഭയാകെ രാഹുലിന്റെ പ്രസംഗം മുഴുവൻ സാകൂതം കേട്ടിരുന്നു. മോദിക്കും സർക്കാരിനുമെതിരേയുള്ള രാഹുലിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിൽ ബിജെപിക്കാർ പലതവണ ഇടപെട്ടെങ്കിലും രാഹുൽ അക്ഷോഭ്യനായി പ്രസംഗം തുടർന്നു. സമീപകാലത്ത് രാഹുൽ നടത്തിയ ഏറ്റവും ശക്തവും ഫലപ്രദവും വ്യക്തതയുമുള്ള പ്രസംഗമായിരുന്നു ഇന്നലത്തേത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് പ്രധാനമന്ത്രി മോദിക്കു ക്ഷണം നേടാനായാണു വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ അമേരിക്കയിലേക്കു പോയതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധിച്ചു. ഉത്പാദനത്തിലടക്കം ഇന്ത്യ ശക്തമായാൽ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തി നമ്മുടെ പ്രധാനമന്ത്രിയെ ക്ഷണിക്കുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇത്രയും അടിസ്ഥാനരഹിതവും ഗൗരവതരവുമായ പ്രസ്താവന നടത്താൻ പ്രതിപക്ഷ നേതാവിനു കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ക്ഷണത്തെക്കുറിച്ചു സ്ഥിരീകരിക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തുന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു.
“നിങ്ങളുടെ മനഃസമാധാനത്തിനു ഭംഗം വരുത്തിയതിൽ ക്ഷമ ചോദിക്കുന്നു’’ എന്ന പരിഹാസത്തോടെയായിരുന്നു രാഹുൽ പ്രതികരിച്ചത്. എന്നാൽ, ലഡാക്കിലെ ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങൾക്കു വിരുദ്ധമാണ് ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണമെന്നു പറഞ്ഞ് രാഹുൽ ആക്രമണം കടുപ്പിച്ചു.
ആർഎസ്എസിനെതിരേ രാഹുൽ നടത്തിയ പരാമർശത്തിനിടെ സ്പീക്കർ ഓം ബിർള ഇടപെട്ടു. സഭയിൽ സംസാരിക്കുന്നതിൽ തെളിവുകൾ വേണമെന്ന് സ്പീക്കർ പറഞ്ഞപ്പോൾ, തെളിവുകൾ നൽകാമെന്ന് രാഹുൽ തിരിച്ചടിച്ചു. ഇതൊഴിച്ചാൽ രാഷ്ട്രീയ പ്രകോപനം ഒഴിവാക്കി രാഷ്ട്രനന്മയ്ക്കായി കൃത്യമായ ലക്ഷ്യത്തോടെയാണു രാഹുൽ പ്രസംഗിച്ചത്.