അനധികൃത കുടിയേറ്റം ഒഴിപ്പിക്കൽ; ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്
Wednesday, February 5, 2025 4:19 AM IST
ന്യൂഡൽഹി: അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. 205 ഇന്ത്യക്കാരുമായി ടെക്സസിലെ സാൻ അന്റോണിയയിൽനിന്നു പുറപ്പെട്ട യുഎസിന്റെ സൈനികവിമാനം സി-17 അമൃത്സറിലെത്തുമെന്നാണു റിപ്പോർട്ട്.
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരിലേറെയും പഞ്ചാബികളാണെന്നാണു റിപ്പോർട്ട്. അവശേഷിക്കുന്ന അനധികൃത കുടിയേറ്റക്കാരെയും പടിപടിയായി ഇന്ത്യയിലേക്ക് നാടുകടത്തും.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ ട്രംപ് അധികാരമേറ്റ ഉടൻ തീരുമാനമെടുത്തിരുന്നു. 15 ലക്ഷം വിദേശകളെയാണ് തിരിച്ചയയ്ക്കുക. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെയും തിരിച്ചയച്ചുതുടങ്ങി. എൽ പാസോ, ടെക്സസ്, സാൻ ഡീയേഗോ, കലിഫോർണിയ എന്നിവിടങ്ങളിലാണ് അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യക്കാരടക്കം 5000 പേരെയാണ് തിരിച്ചയയ്ക്കുക.
ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യക്കാരെ നാടു കടത്തിയത്. ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായശേഷം ആദ്യമായാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്.
ജനുവരി 21ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ അനധികൃത കുടിയേറ്റം ചർച്ച ചെയ്തിരുന്നു. 18,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണു ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട്.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യക്കാരുടെ എണ്ണം കുറവാണ്. 2024ൽ അമേരിക്കയിൽ അനധികൃതമായി എത്തിയവരിൽ മൂന്നു ശതമാനം മാത്രമാണ് ഇന്ത്യക്കാർ.
സൈനികവിമാനത്തിൽ അനധികൃത കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്നതിനു ചെലവ് കൂടുതലാണെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഗ്വാട്ടിമാലയിലേക്ക് ഒരാളെ സൈനികവിമാനത്തിൽ കൊണ്ടുപോകുന്നതിന് 4675 ഡോളറാണ് ചെലവാകുക. ഇന്ത്യയിലേക്ക് അയച്ച വിമാനത്തിൽ 205 യാത്രക്കാർക്ക് ഒരു ടോയ്ലറ്റ് മാത്രമാണുള്ളത്.