കുംഭമേളയിലെ കൂട്ടമരണം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
Tuesday, February 4, 2025 3:18 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കിടെയുണ്ടായ കൂട്ടമരണത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ടു പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം.
30 പേർ മരിച്ച സംഭവം അടിയന്തരമായി ചർച്ചയ്ക്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും സമർപ്പിച്ച നോട്ടീസുകൾ തള്ളിയതോടെ മുദ്രാവാക്യം വിളികളും പ്രതിഷേധവുമായി ഇരുസഭകളും പ്രക്ഷുബ്ധമായി.
ചർച്ച നിരസിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉന്നമിട്ട് മുദ്രാവാക്യം വിളിച്ചു.
ലോക്സഭയിലെ ചോദ്യോത്തരവേളയിൽ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തതിനെത്തുടർന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് മുദ്രാവാക്യം വിളിച്ചത്.
അതിനിടെ, ചോദ്യോത്തരവേള പ്രതിപക്ഷം തടസപ്പെടുത്തുന്നതിനെതിരേ സ്പീക്കർ ഓം ബിർള രംഗത്തെത്തി. ചോദ്യോത്തരവേള മുഴുവനും പ്രതിഷേധം തുടർന്നതിനു പിന്നാലെ ദുരന്തത്തിൽ മരിച്ചവരുടെ ലിസ്റ്റ് യുപി സർക്കാർ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം കോണ്‍ഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും നേതൃത്വത്തിൽ സഭയിൽനിന്ന് ഇറങ്ങിപ്പോയി.