യുഎസ്എഐഡി അടച്ചുപൂട്ടൽ; ഇന്ത്യക്കും തിരിച്ചടി
Wednesday, February 5, 2025 2:41 AM IST
ന്യൂഡൽഹി: അമേരിക്കയുടെ വിദേശ സഹായ ഏജന്‍സിയായ യുഎസ് ഏജൻസി ഫോർ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) അടച്ചുപൂട്ടുന്നത് ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്നു റിപ്പോർട്ട്.
ആരോഗ്യം, വെള്ളം, ശുചിത്വം, കാലാവസ്ഥാ പ്രതിരോധം എന്നിവയിലെ പ്രധാന പദ്ധതികൾക്കു വലിയ തിരിച്ചടികൾ നേരിടേണ്ടിവരുമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്. സുഡാൻ, യുക്രെയ്ൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങൾക്ക് യുഎസ്എഐഡി നിർത്തലാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക വികസന സഹായ ഏജൻസികളിലൊന്നായ യുഎസ്എഐഡി ആഗോള മാനുഷിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2024-ൽ ഐക്യരാഷ്ട്രസഭ വഴിയുള്ള എല്ലാ മാനുഷിക സഹായങ്ങളുടെയും 42 ശതമാനവും യുഎസ്എഐഡിയാണ്.
യുഎസ്എഐഡി അടച്ചുപൂട്ടുകയാണെങ്കിൽ, അത് ലോകമെമ്പാടും കടുത്ത മാനുഷിക പ്രതിസന്ധികളിലേക്കു നയിക്കുമെന്ന് സഹായ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക വികസനം, ദുരന്ത നിവാരണം, സുരക്ഷ എന്നിവയ്ക്കായി യുഎസ് സഹായത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കു വലിയ തിരിച്ചടികൾ നേരിടേണ്ടിവരും.
യുഎസ്എഐഡി അവസാനിപ്പിക്കാനുള്ള തീരുമാനത്തെ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മുത്രേജ വിമർശിച്ചു. യുഎസ്എഐഡി ‘ക്രിമിനൽ സംഘടന’ ആണെന്ന ഇലോൺ മസ്കിന്റെ വാദം അസംബന്ധം മാത്രമല്ല, അപകടകരവുമാണെന്നു മുത്രേജ പറഞ്ഞു.
പതിറ്റാണ്ടുകളായി, ലോകത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് സഹായം നൽകിവരികയാണ് യുഎസ്എഐഡി. അതിനെ തള്ളിക്കളയുന്നതിലൂടെ അതിന്റെ പ്രവർത്തനങ്ങളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ അവഗണിക്കുകയും അമേരിക്കയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണെന്നും മുത്രേജ കൂട്ടിച്ചേർത്തു.
യുഎസ്എഐഡി നിർത്തലാക്കുന്നതോടെ സുഡാൻ, യുക്രെയ്ൻ, ഉഗാണ്ട മുതൽ ഐവറി കോസ്റ്റ് വരെയുള്ള ലോകത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളിൽ മാതൃ-മാനസികാരോഗ്യ സേവനങ്ങൾ തടസപ്പെടുകയോ ഇല്ലാതാക്കുകയോ ചെയ്യും- അവർ പറഞ്ഞു.
ഇന്ത്യയുടെ വികസനപ്രവർത്തനങ്ങളിൽ യുഎസ്എഐഡി നിർണായക പങ്കാളിയാണ്. യുഎസ്എഐഡിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ആരോഗ്യ സംരക്ഷണത്തിലാണ്. ശിശു-മാതൃ മരണനിരക്ക് കുറയ്ക്കുക, ക്ഷയരോഗം, എച്ച്ഐവി എന്നിവ ചെറുക്കുക, ശുചിത്വം മെച്ചപ്പെടുത്തുക എന്നിവയിലാണ് കൂടുതലായും ഊന്നൽനൽകുന്നത്. ആറ് സംസ്ഥാനങ്ങളിലായി മാതൃ-ശിശു ആരോഗ്യ പരിപാടികൾ 2.8 ദശലക്ഷം ഗർഭിണികൾക്കും 2.6 ദശലക്ഷം നവജാത ശിശുക്കൾക്കും വൈദ്യസഹായം ലഭ്യമാക്കാൻ സഹായിച്ചിട്ടുണ്ട്.
കൂടാതെ, 1,000 നഗരങ്ങളെ തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജന രഹിതമാക്കുന്നതിലും അഞ്ചു വയസ്സിനുതാഴെയുള്ള കുട്ടികളിലെ വയറിളക്കവുമായി ബന്ധപ്പെട്ട മരണങ്ങൾ കുറയ്ക്കുന്നതിലും യുഎസ്എഐഡിയുടെ പ്രവർത്തനങ്ങൾ നിർണായകമാണെന്ന് യുഎസ്എഐഡി വെബ്സൈറ്റ് പറയുന്നു. ഏജൻസി പെട്ടെന്നു നിർത്തലാക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരും ആശങ്കയിലാണ്.