സൈബർ കൊള്ള: നഷ്ടം 22,812 കോടി രൂപ
Wednesday, February 5, 2025 4:19 AM IST
ന്യൂഡൽഹി: കഴിഞ്ഞ വർഷം സൈബർ കുറ്റവാളികൾ രാജ്യത്തു തട്ടിയെടുത്തത് 22,812 കോടി രൂപയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ സൈബർ റിപ്പോർട്ടിംഗ് പ്ലാറ്റ്ഫോമിന്റെ (എൻസിആർപി) കണക്ക്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ വർഷം വൻ വർധനയാണുണ്ടായതെന്നും എൻസിആർപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നാലു വർഷംകൊണ്ട് 33,165 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ രാജ്യത്തെ ജനങ്ങളിൽനിന്നു കൈക്കലാക്കിയത്. 2021ൽ 551 കോടി രൂപയും 2022ൽ 2306 കോടി രൂപയും 2023ൽ 7496 കോടി രൂപയുമാണ് സൈബർ തട്ടിപ്പിലൂടെ ജനങ്ങൾക്കു നഷ്ടമായത്.
സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന രാജ്യത്തെ 14 ഹോട്ട്സ്പോട്ട് നഗരങ്ങളിൽ കേരളത്തിൽനിന്ന് കോഴിക്കോടും ഉൾപ്പെടുന്നു. ബംഗളൂരു, കോൽക്കത്ത, ജാർഖണ്ഡിലെ ദിയോഗഡ്, രാജസ്ഥാനിലെ ദീഗ്, ആൽവാർ, ജയ്പുർ, ജോധ്പുർ, ഹരിയാനയിലെ നൂഹ്, ഉത്തർപ്രദേശിലെ മഥുര, ഗൗതം ബുദ്ധ നഗർ, ഗുജറാത്തിലെ സൂറത്ത്, ബിഹാറിലെ നളന്ദ, നവാദ തുടങ്ങിയ നഗരങ്ങളാണു മറ്റു ഹോട്ട്സ്പോട്ടുകൾ.
കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 17,10,505 പരാതികളാണ് സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ടു ലഭിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നത് തടയാൻ ഇ-എഫ്ഐആർ സംവിധാനം തുടങ്ങാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി സൈബർ പോലീസ് സ്റ്റേഷൻ തുടങ്ങാനും നീക്കമുണ്ട്.
തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് സൈബർ പോലീസ് സ്റ്റേഷനിൽ ഇ-എഫ്ഐആർ ഓൺലൈനായി രേഖപ്പെടുത്താനും തുടരന്വേഷണത്തിനായി കേന്ദ്രത്തിന് ഇ-എഫ്ഐആറുകൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾക്ക് എളുപ്പത്തിൽ കൈമാറാനും കഴിയുന്നതുമാണ് സംവിധാനം.
സൈബർ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഡിസംബർ അവസാനം ഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് ഇ-എഫ്ഐആർ സംവിധാനം തുടങ്ങാനുള്ള നിർദേശമുണ്ടായത്. യോഗത്തിൽ സംസാരിക്കവെ നിലവിൽ പ്രവർത്തനക്ഷമമായ ഓൺലൈൻ "സസ്പെക്ട് രജിസ്ട്രി’യെക്കുറിച്ച് മന്ത്രിയെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ രജിസ്ട്രി പ്രവർത്തനമാരംഭിച്ച് മൂന്നു മാസത്തിനുള്ളിൽ ആറു ലക്ഷം വ്യാജ ഇടപാടുകൾ തടയാനും ഇതുവഴി 1,800 കോടി രൂപ ലാഭിക്കാനുമായി. സാമ്പത്തിക തട്ടിപ്പുമായും വിവിധ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 1.4 ദശലക്ഷം സൈബർ കുറ്റവാളികളുടെ വിവരങ്ങളാണ് രജിസ്ട്രിയിൽ അടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ പത്തിനാണ് രജിസ്ട്രി പ്രവർത്തനസജ്ജമായത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര അന്വേഷണ ഏജൻസികൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും ഇത് ആക്സസ് ചെയ്യാൻ സാധിക്കും.