ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നു
Wednesday, February 5, 2025 4:01 AM IST
ഗാന്ധിനഗർ: ഉത്തരാഖണ്ഡിനു പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഗുജറാത്തിലെ ബിജെപി സർക്കാർ. കരട് തയാറാക്കുന്നതിന് മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചു.
റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ സി.എൽ. മീണ, അഡ്വ. ആർ.സി കൊഡേക്കർ, വിദ്യാഭ്യാസ പ്രവർത്തകൻ ദക്ഷേഷ് ഠാക്കൂർ, സാമൂഹിക പ്രവർത്തക ഗീത ഷ്റോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
മുസ്ലിം സമുദായത്തിലേതുൾപ്പെടെയുള്ള മതനേതാക്കളുമായി സമിതി ചർച്ച നടത്തും. 45 ദിവസത്തിനകം റിപ്പോർട്ട് നല്കണമെന്നാണു സർക്കാർ നിർദേശം. റിപ്പോർട്ട് പഠിച്ചശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മറ്റു വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്പോൾ ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഗ്വി പറഞ്ഞു.
ന്യൂനപക്ഷ, ഭൂരിപക്ഷ രാഷ്ട്രീയത്തിലാണു ബിജെപിക്കു താത്പര്യമെന്നു ഗുജറാത്ത് പ്രതിപക്ഷ നേതാവ് അമിത് ചാവ്ഡ കുറ്റപ്പെടുത്തി. ""ഗുജറാത്തിൽ 14 ശതമാനം ഗോത്രവിഭാഗക്കാരാണ്. സിവിൽ കോഡ് നിലവിൽ വന്നാൽ ഗോത്രവിഭാഗത്തിന്റെ സംസ്കാരം, ആചാരം, മതപരമായ അവകാശങ്ങൾ, വിവാഹം എന്നിവയെ ബാധിക്കും.
ജൈനവിഭാഗത്തെയും ദേവിപൂജകരെയും ദോഷകരമായി ബാധിക്കും. ഏകീകൃത സിവിൽ കോഡ് കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. സംസ്ഥാനങ്ങൾക്ക് അതിൽ കാര്യമില്ല’’-അമിത് ചാവ്ഡ പറഞ്ഞു.
എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും ബിജെപി ഏകീകൃത സിവിൽ കോഡ് വിഷയം ഉയർത്തിക്കൊണ്ടുവരുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇസുദാൻ ഗാധ്വി പറഞ്ഞു.