മുഖം മിനുക്കാൻ റെയിൽവേ ; 200 വന്ദേ ഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ
Tuesday, February 4, 2025 2:28 AM IST
സനു സിറിയക്
ന്യൂഡൽഹി: വരുംവർഷങ്ങളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ, 50 നമോ ഭാരത് റാപ്പിഡ് റെയിൽ തുടങ്ങിയവ റെയിൽവേയുടെ ഭാഗമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 17,500 ജനറൽ നോണ്‍ എസി കോച്ചുകൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗതത്തിന് റെയിൽവേയെ സ്ഥിരം ആശ്രയിക്കുന്ന സാധാരണ ജനവിഭാഗങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിൽ നവീകരണം വളരെയധികം പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷയ്ക്കും കൂടുതൽ ഊന്നൽ നൽകും.
2.52 ലക്ഷം കോടി രൂപയാണ് റെയിൽവേ വികസനത്തിനായി കേന്ദ്ര ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമിത് 2.65 ലക്ഷം കോടി രൂപയായിരുന്നു. 1.16 ലക്ഷം കോടി രൂപ സുരക്ഷയ്ക്കായി വകയിരുത്തിയതായും റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
100 കിലോമീറ്റർ ദൂരത്തിൽ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 50 നമോ ട്രെയിനുകൾ വരും നാളുകളിൽ റെയിൽവേയുടെ ഭാഗമാകുമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, ഇവ ട്രയൽ റണ്‍ പൂർത്തിയാക്കിയതായും അറിയിച്ചു. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകൾ വരും നാളുകളിൽ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
800 കിലോമീറ്ററോളം ദൂരമുള്ള രണ്ടു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകളാണിവ. ചെലവ് കുറഞ്ഞ ഇത്തരം ട്രെയിനുകളിൽ നോണ്‍ എസി കോച്ചുകളായിരിക്കും ഉണ്ടാകുക. 200 ഓളം പുതിയ വന്ദേഭാരത് സർവീസുകൾ രാജ്യത്തെ വിവിധ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. ഇവയ്ക്കു പുറമെ ദീർഘദൂര യാത്രകൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വൈകാതെ എത്തും.
ഇവയുടെ ട്രയൽ റണ്ണുകൾ നേരത്തേ കഴിഞ്ഞിരുന്നു. ഈ വർഷം അവസാനത്തോടെ 1.6 ബില്യണ്‍ ടണ്‍ ചരക്ക് കയറ്റി ലോകത്തെ രണ്ടാമത്തെ ചരക്കുഗതാഗതം കൈകാര്യം ചെയ്യുന്ന റെയിൽവേയായി ഇന്ത്യ മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2047ഓടെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗം കൈവരിക്കുന്ന അതിവേഗ റെയിൽ ശൃംഖലയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
ഈ സാന്പത്തിക വർഷത്തിന്റെ അവസാനത്തോടെ റെയിൽവേ 100 ശതമാനം വൈദ്യുതീകരണം കൈവരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേരളത്തിന് ബജറ്റിൽ 3042 കോടി
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി 3042 കോടി രൂപ വകയിരുത്തിയതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കഴിഞ്ഞ ബജറ്റിൽ അനുവദിച്ചതിലും 31 കോടി രൂപ അധികമാണ് സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. പുതിയ പദ്ധതികളോ പുതിയ ട്രെയിനുകളോ സംസ്ഥാനത്ത് അനുവദിച്ചിട്ടില്ല. 35 സ്റ്റേഷനുകളുടെ നവീകരണം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കേരളത്തിൽ ഏതൊക്കെ പദ്ധതികൾക്കാണ് തുക നീക്കിവച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. നിലവിൽ എട്ടു പദ്ധതികൾക്കായി സംസ്ഥാനത്ത് 12,350 കോടി രൂപ ചെലവഴിക്കുന്നുണ്ട്. 2014നുശേഷം 125 കിലോമീറ്റർ പുതിയ പാതകൾ കേരളത്തിൽ നിർമിച്ചു. കേരളത്തിൽ 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കി. 114 മേൽപ്പാലങ്ങൾ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയതായും റെയിൽവേ മന്ത്രി വ്യക്തമാക്കി.
ശബരി റെയിൽ പാതയുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാറിൽ ഏർപ്പെടാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിൽ സംസ്ഥാന സർക്കാർ അന്തിമതീരുമാനം അറിയിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ നിലപാടനുസരിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
15,742 കോടി രൂപ കേരളത്തിലെ റെയിൽവേ വികസനത്തിനായി ആകെ ചെലവഴിച്ചിട്ടുണ്ട്. കേരളത്തിലെ റെയിൽവേ വികസനത്തിന് കൂടുതൽ ഭൂമി വിട്ടുകിട്ടണമെന്ന് മന്ത്രി ആവർത്തിച്ചു.
ഭൂമി ഏറ്റെടുക്കൽ സംസ്ഥാനത്ത് വെല്ലുവിളിയാണെന്ന് അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെ എത്തും. കേരളത്തിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.