ഉസ്താദിനെ മറന്ന് ഗ്രാമി
Tuesday, February 4, 2025 2:28 AM IST
ന്യൂഡൽഹി: അന്തരിച്ച പ്രശസ്ത തബലവാദകൻ സാക്കിർ ഹുസൈന്റെ ഓർമകൾക്കും 67ാമത് ഗ്രാമി പുരസ്കാരവേദിയിൽ അവഗണന. നാല് തവണ ഗ്രാമി നേടിയ സാക്കിർ ഹുസൈനെ ‘ഇൻ മെമോറിയം’’ വിഭാഗത്തിൽ ഉൾപ്പെടുത്താതിരുന്നത് ലോകമെന്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
പുരസ്കാരദാനവേളയിൽ നടത്തിയ ലൈവ് സ്ട്രീമിംഗിൽ നിന്നാണ് സാക്കീർ ഹുസൈനെ ഒഴിവാക്കിയത്. എന്നാൽ റിക്കാർഡിംഗ് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘ഇൻ മെമോറിയം’ വിഭാഗത്തിൽ സാക്കീർ ഹുസൈന്റെ പേരു പരാമർശിച്ചിട്ടുമുണ്ട്.
ഈ പട്ടികയിൽ പങ്കജ് ഉദാസ്, ശാരദ സിൻഹ, ആശിഷ് ഖാൻ എന്നിവരുമുണ്ട്. എല്ലാക്കൊല്ലവും ‘ഇൻ മെമോറിയം’മൊണ്ടാഷ് ഉപയോഗിച്ച് തലേവർഷം അന്തരിച്ച ഇതിഹാസ ഗായകർക്ക് അഭിവാദ്യമർപ്പിക്കുന്ന പതിവുണ്ട്. ഗ്രാമി പുരസ്കാരങ്ങൾ കഴിഞ്ഞ ഞായറാഴ്ചയാണു ലോസ് ആഞ്ചലസിൽ സമ്മാനിച്ചത്.