കാഷ്മീരിൽ ഭീകരാക്രമണം ; മുൻ സൈനികനു വീരമൃത്യു
Tuesday, February 4, 2025 3:18 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാമിൽ ഭീകരാക്രമണത്തിൽ മുൻ സൈനികനു വീരമൃത്യു. ആക്രമണത്തിൽ സൈനികന്റെ ഭാര്യക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തു.
കുൽഗാമിലെ ബിഹിബാഗ് മേഖലയിൽ താമസിക്കുന്ന മുൻ സൈനിക ഓഫീസർ മൻസൂർ അഹമ്മദ് വാഗേയുടെ വസതിയിൽ കടന്നുകയറിയ ഭീകരർ വീട്ടിലുണ്ടായിരുന്നവർക്കു നേരേ നിറയൊഴിക്കുകയായിരുന്നു.
പരിക്കേറ്റ മൂന്നുപേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൻസൂർ അഹമ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേരും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആക്രമണത്തെ ലഫ് ഗവർണർ മനോജ് സിൻഹ അപലപിച്ചു.