തിരുപ്പറം കുൺഡ്രം സംഘർഷം; ഹിന്ദുമുന്നണി പ്രവർത്തകർ കസ്റ്റഡിയിൽ
Wednesday, February 5, 2025 4:01 AM IST
മധുര: വർഗീയലഹളയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തമിഴ്നാട്ടിലെ തിരുപ്പറംകുൺഡ്രം സുബ്രഹ്മണ്യക്ഷേത്ര പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
മധുരയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പിന്നാലെ കരുതൽ നടപടികളുടെ ഭാഗമായി ഹിന്ദുമുന്നണി നേതാക്കളായ എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുരുക ക്ഷേത്രത്തിനു സമീപം മലയിൽ സിക്കന്ദർ ബാദുഷ ദർഗയുണ്ട്. കഴിഞ്ഞദിവസം രാത്രി ഒരു സംഘമാളുകൾ ഇവിടെയെത്തി മാസം ഭക്ഷിച്ചതാണു പ്രശ്നങ്ങൾക്കു തുടക്കം. ക്ഷേത്രത്തിനു സമീപം ഇറച്ചി കഴിക്കുന്നതിനെ ഹിന്ദുവിശ്വാസികൾ ചോദ്യം ചെയ്തു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ ബിജെപി നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പാർട്ടി തീരുമാനമെന്നും മുതിർന്ന ബിജെപി നേതാവ് എച്ച്. രാജ പറഞ്ഞു.