ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്‍സിസിക്ക് മറ്റൊരു പൊന്‍തൂവല്‍കൂടി
Wednesday, February 5, 2025 4:01 AM IST
ബംഗളൂരു: ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി. കര്‍ണാടക- ഗോവ എന്‍സിസി ഡയറക്ടറേറ്റിന്റെ മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരം തുടര്‍ച്ചയായി ഏഴാം വര്‍ഷവും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കു ലഭിച്ചു. കേഡറ്റുകളുടെ സമാനതകളില്ലാത്ത പ്രതിബദ്ധത, അച്ചടക്കം, സ്ഥിരതയാര്‍ന്ന നേട്ടങ്ങള്‍ എന്നിവയാണ് അവാര്‍ഡിനു നിദാനമായത്.
1969 ല്‍ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ എന്‍സിസി യൂണിറ്റ് സ്ഥാപിതമായതുമുതല്‍ ഇതുവരെ ഇന്ത്യന്‍ സായുധ സേനയിലേക്ക് 100 ലധികം സമർഥരായ ഓഫീസര്‍മാരെ സംഭാവന ചെയ്തതിനു പുറമേ 200ലധികം മികച്ച കേഡറ്റുമാരെ വാര്‍ത്തെടുക്കാനും ക്രൈസ്റ്റ് എന്‍സിസിക്കു കഴിഞ്ഞിട്ടുണ്ട്.
ക്രൈസ്റ്റിന് മികച്ച നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2024-25. കേഡറ്റുകളുടെ അസാധാരണ പ്രകടനത്തിലൂടെ, കര്‍ണാടക-ഗോവ എന്‍സിസി ഡയറക്ടറേറ്റിനു കീഴില്‍ പുരുഷ കേഡറ്റുകളുടെ ഏറ്റവും മികച്ച സീനിയര്‍ ഡിവിഷന്, വനിതാ കേഡറ്റുകളുടെ ഏറ്റവും മികച്ച സീനിയര്‍ വിംഗ് എന്നിവയ്ക്കുള്ള ബഹുമതിയും ക്രൈസ്റ്റിനെയാണു തേടിയെത്തിയത്.
ക്രൈസ്റ്റിന്റെ മൂന്നു എന്‍സിസി കേഡറ്റുകള്‍ ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിലും മറ്റു മൂന്നു കേഡറ്റുകള്‍ ഓള് ഇന്ത്യ താല് സൈനിക് ക്യാമ്പിലും പങ്കെടുത്തു രണ്ടു സ്വര്‍ണ മെഡലുകള്‍ നേടി. 106 കേഡറ്റുകളുള്ള ക്രൈസ്റ്റ് എന്‍സിസി സംഘം നിരവധി ട്രക്കിംഗ് ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. 38 കേഡറ്റുകള്‍ 17,000 അടി ഉയരം വിജയകരമായി താണ്ടി ബേസിക് മൗണ്ടനിയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കി.
നേപ്പാളിലെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ ക്രൈസ്റ്റിന്റെ ഒരു എന്‍സിസി കേഡറ്റ് ഇന്ത്യയെ പ്രതിനിധീകരിച്ചു. എന്‍സിസി ഡയറക്ടറേറ്റ് നടത്തിയ സര്‍വീസസ് സെലക്ഷന് ബോര്‍ഡ് സൂപ്പര്‍ 30ല്‍ ക്രൈസ്റ്റിലെ നാലു കേഡറ്റുകള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇബിഎസ്ബി) ക്യാമ്പുകളില്‍ അഞ്ച് കേഡറ്റുകളും മുഖ്യമന്ത്രിയുടെ റാലിയില്‍ ഏഴു പേരും ആര്‍മി അറ്റാച്ച്മെന്റ്ക്യാമ്പുകളില് അഞ്ചുപേരും പങ്കെടുത്തു.
അഡ്വാന്‍സ്ഡ് ലീഡര്‍ഷിപ്പ്, സ്പെഷല്‍ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പുകളില്‍ ക്രൈസ്റ്റ് എന്‍സിസി കേഡറ്റുകള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. മൂന്നു കേഡറ്റുകള്‍ ചെന്നൈയില്‍ സായുധ സേനയില്‍ ഓഫീസര്‍മാരായി ചേരുന്നതിനുള്ള പ്രീ-കമ്മീഷന് പരിശീലനത്തിലാണെന്നത് ക്രൈസ്റ്റ് എന്‍സിസിയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്.
പരിസ്ഥിതി സംരക്ഷണം, ആരോഗ്യ അവബോധം, പൗര ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്‍സിസി സാമൂഹിക അവബോധം സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാനുള്ള കഠിനപ്രയത്നത്തിലാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്‍സിസി.